ദീപപ്രഭയോടെ ദീപാവലി ആഘോഷത്തിൽ രാജ്യം. ഇന്ന് വിപുലമായ പരിപാടികളാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. ദീപം തെളിയിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷം. കൂടാതെ ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും നടക്കും. രണ്ട് വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷമെത്തുന്ന ദീപാവലി ആയതിനാൽ വീടുകളിൽ ആഘോഷം നീളും.
തിന്മയ്ക്ക് മേൽ നന്മയുടെ വിജയം എന്നതാണ് ദീപാവലി ഐതിഹ്യം. അതുകൊണ്ട് തന്നെ വീടുകൾ ദീപങ്ങളും ചെരാതുകളും വച്ചാണ് അലങ്കരിക്കുക. അയോധ്യയിലെ ദീപോത്സവം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ദീപാവലി ആഘോഷങ്ങൾ പൊലിമയോടെ കൊണ്ടാടുകയാണ് അയോധ്യയിൽ. ആറാമത് ദീപോത്സവമാണ് അയോധ്യയിൽ ഇത്തവണ നടക്കുന്നത്.
ദീപാവലി ആഘോഷിക്കുന്ന ഓരോ ഇന്ത്യൻ പൗരന്മാർക്കും സൈനികർ ആശംസകൾ നേർന്നിരുന്നു. അതിർത്തികളിൽ കാവലായി ഞങ്ങളുണ്ടെന്നും നിങ്ങൾ ഭയപ്പെടാതെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കൂവെന്നും കേണൽ ഇക്ബാൽ സിംഗ് പറഞ്ഞു. ഈ വർഷവും പതിവുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആഘോഷം സൈനികർക്കൊപ്പമാണ്. അയോധ്യയിൽ നിന്ന് ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിർത്തി ഗ്രാമമായ മനയിലേക്കാണ് ദീപാവലി ആഘോഷിക്കാനായി പ്രധാനമന്ത്രി പോകുന്നത്. കഴിഞ്ഞ വർഷം ജമ്മുകശ്മീരിലെ നൗഷേരയിലെത്തിയാണ് സൈനികർക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്.