ആഗോള മാധ്യമ ഭീമനായ ഡിസ്നിയും കൂട്ടപ്പിച്ചിരിച്ചുവിടലിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് നടപടിയെന്ന് വിശദീകരണം. ചെലവുചുരുക്കലിന്റെ ഭാഗമായി ഏഴായിരം പേരെ പിരിച്ചുവിടുമെന്നാണ് സൂചന. പ്രഖ്യാപനത്തിന് പിന്നാലെ ഡിസ്നി ചീഫ് ടെക്നോളജി ഓഫീസർ ജെറമി ഡോയ്ഗ് ജോലി രാജിവയ്ക്കുകയും ചെയ്തു.
ഒക്ടോബർ ഒന്നു വരെയുള്ള കണക്ക് പ്രകാരം ഡിസ്നിക്ക് ആഗോളതലത്തിൽ 2,20,000 ജീവനക്കാരാണുള്ളത്. ഇതിൽ 1,66,000 പേരും യു എസിലാണ്. വെല്ലുവിളി നിറഞ്ഞ സാമ്പത്തിക അന്തരീക്ഷത്തിലാണ് ഡിസ്നി കടുത്ത നടപടികൾ സ്വീകരിക്കുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വാർണർ ബ്രദേഴ്സ് ഡിസ്കവറി, നെറ്റ്ഫ്ലിക്സ് എന്നിവ നേരത്തെ തന്നെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കൂടാതെ മൈക്രോസോഫ്റ്റ്, മെറ്റ, ആമസോൺ എന്നീ ടെക് ഭീമൻമാരും ഗൂഗിളും നേരത്തേ കരാർ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡിസ്നിയും പിരിച്ചു വിടൽ പ്രഖ്യാപിച്ചത്.
ഡിസ്നി + ന്റെ വരിക്കാരുടെ എണ്ണം കുറഞ്ഞതും പിരച്ചുവിടലിന്റെ ആക്കം കൂട്ടി. മൂന്ന് മാസം മുമ്പുള്ളതിനെ അപേക്ഷിച്ച് ഡിസംബർ 31-ന് ഒരു ശതമാനം കുറഞ്ഞ് 168.1 ദശലക്ഷമായെന്നാണ് പുതിയ കണക്കുകൾ. ഇതിനിടെ പിരിച്ചുവിടല്‍ തീരുമാനത്തെ നിസ്സാരമായി എടുക്കുന്നില്ലെന്നും ജീവനക്കാരോട് ബഹുമാനമുണ്ടെന്നും സി.ഇ.ഒ ബോബ് ഐഗറന് പ്രതികരിച്ചു.