മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പദ്മരാജന് സംവിധാനം ചെയ്ത ചിത്രമാണ് ‘തൂവാന തുമ്പികള്‍’. ചിത്രത്തിലെ ജയകൃഷ്ണനും ക്ലാരയും എക്കാലവും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. സിനിമയില്‍ മോഹന്‍ലാല്‍ തൃശൂര്‍ക്കാരനായാണ് എത്തുന്നത്. എന്നാല്‍ ചിത്രത്തിലെ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷ ബോറാണ് എന്നാണ് സംവിധായകന് രഞ്ജിത്തിന്റെ അഭിപ്രായം. ഐ.എഫ്.എഫ്.കെയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എക്സ്പ്രെസ് നടത്തിയ അഭിമുഖത്തിലായിരുന്നു രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്.
മമ്മൂട്ടി മേഹന്‍ലാല്‍ എന്നിവര്‍ ഓരോ സ്ലാങ്കിലുള്ള ഡയലോഗുകള്‍ പറയുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രഞ്ജിത്ത്. മമ്മൂട്ടിക്ക് അക്കാര്യത്തില്‍ കൃത്യമായ ഹോംവര്‍ക്ക് ഉണ്ട്. എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ല എന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
രഞ്ജിത്തിന്റെ വാക്കുകള്‍ :
മമ്മൂട്ടിക്ക് എങ്ങനെയാണ് ഡയലോഗ് പറയേണ്ടതെന്ന് ഞങ്ങളുടെ ചര്‍ച്ചകളില്‍ തന്നെ മനസിലാകും. സ്ലാങ്കിന്റെ സ്വഭാവവും എഴുതിയ ഡയലോഗും കാണുമ്പോള്‍ തന്നെ പുള്ളി അത്ര പിടുത്തം കിട്ടിയില്ലെങ്കില്‍ ചോദിക്കുകയും മനസിലാക്കുകയും ചെയ്യും. പുള്ളിക്ക് അതിന്റേതായൊരു ഹോംവര്‍ക്ക് ഉണ്ട്. പുള്ളിക്ക് കൊടുക്കുന്ന സീനൊക്കെ ആദ്യം എന്നെക്കൊണ്ട് വായിപ്പിക്കും. അതില്‍ തന്നെ പുള്ളിക്ക് കിട്ടും.
എന്നാല്‍ ലാല്‍ അങ്ങനെയൊന്നും ശ്രദ്ധിക്കാത്ത ഒരാളാണ്. ലാലിന്റെ നമുക്കൊക്കെ ഇഷ്ടപ്പെട്ട തൂവാന തുമ്പികളിലെ തൃശൂര്‍ ഭാഷ വളരെ ബോറാണ്. പപ്പേട്ടനും ശ്രമിച്ചിട്ടില്ല ലാലും ശ്രമിച്ചിട്ടില്ല. അത് തൃശ്ശൂര്‍ സ്ലാങ്കിനെ ഇമിറ്റേറ്റ് ചെയ്യാനുള്ള ശ്രമമാണ് നടത്തിയത്. ‘മ്മക്കൊരു നാരങ്ങവെള്ളം കാച്ചിയാലോ’, ആ താളത്തിലൊന്നുമല്ല തൃശൂര്ക്കാര് സംസാരിക്കുക. എന്നാല്‍ ഇതേ ജയകൃഷ്ണന് ക്ലാരയോട് സംസാരിക്കുമ്പോള്‍ ശുദ്ധ റൊമാന്റിക് പപ്പേട്ടന്റെ സാഹിത്യത്തിലാണ് സംസാരിക്കുന്നത്.