ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നാല്‍ വമ്പൻ പിഴ ഈടാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 500 കോടി രൂപ വരെ പിഴ ഈടാക്കും. ഇത് സംബന്ധിച്ച കരട് ബില്‍ ഭേദഗതി ചെയ്തു. 2019ലെ കരടുരേഖ അനുസരിച്ച് വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പിഴ 15 കോടിയായിരുന്നു. ഇത് ഭേദഗതി ചെയ്താണ് പിഴ തുക വര്‍ധിപ്പിച്ചത്.
ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് സ്ഥാപിക്കാനും കരട് രേഖ നിര്‍ദേശിക്കുന്നു. വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനത്തിന് പറയാനുള്ളത് കേട്ട ശേഷം തൃപ്തികരമല്ലെങ്കിൽ മാത്രമേ പിഴ ചുമത്താന്‍ പാടുള്ളൂവെന്നും കരട് രേഖയില്‍ പറയുന്നു.
ഡിസംബര്‍ 17ന് കരട് രേഖയിന്മേല് ജനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ സൗകര്യം ഒരുക്കും. ഡേറ്റാ പ്രോസസറിന്റെ കാര്യത്തിലും സമാന വ്യവസ്ഥകളാണ് നിലനില്‍ക്കുന്നത്. ഡേറ്റാ സംരക്ഷണത്തിനും ഡേറ്റാ പ്രോസസര്‍ ബാധ്യസ്ഥരാണ്. വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 250 കോടി രൂപ വരെ പിഴ ചുമത്താമെന്നാണ് കരട് രേഖ പറയുന്നത്.