സൂപ്പർതാരം ധനുഷ് വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്നു. റായൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിഷ്ണു വിശാൽ, എസ്.ജെ. സൂര്യ, കാളിദാസ് ജയറാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനുഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദുഷാരയാണ് നായിക. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ മാസമായിരിക്കും ആരംഭിക്കുക.
പാ പാണ്ടി എന്ന ചിത്രമാണ് ധനുഷിന്റെ ആദ്യ സംവിധാന സംരംഭം. 2017ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥയും നിർമാണവും ധനുഷ് തന്നെയായിരുന്നു നിർവഹിച്ചത്. രാജ്കിരൺ, രേവതി, പ്രസന്ന, മഡോണ സെബാസ്റ്റ്യൻ, ധനുഷ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കൾ.