രാഹുൽ ഗാന്ധിയുടെ വസതിയിൽ ഡൽഹി പൊലീസ് എത്തി. ശ്രീനഗര്‍ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ കുറിച്ചുള്ള നോട്ടീസിന് മറുപടി തേടിയാണ് ഡല്‍ഹി പോലീസ് എത്തിയിരിക്കുന്നത്. ശ്രീനഗറിലെ പ്രസംഗത്തിനിടെ നടത്തിയ ‘സ്ത്രീകള്‍ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു’ എന്ന പരാമര്‍ശത്തിലാണ് പൊലീസ് നടപടി.
സ്പെഷ്യല്‍ സിപി സാഗര്‍ പ്രീത് ഹൂഡയും ഡല്‍ഹി ഡിസിപിയും ഉള്‍പ്പെടെയുള്ള പോലീസ് സംഘമാണ് രാഹുലിന്റെ വസതിയിലെത്തിയത്. മാര്‍ച്ച് 15ന് നല്കിയ നോട്ടീസിന് രാഹുല്‍ മറുപടി നല്‍കിയിരുന്നില്ല. വീണ്ടും അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയപ്പോഴാണ് പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന് രാഹുല്‍ പ്രസംഗിച്ചത്.
എന്നാല്‍ തങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. 45 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് വിവരങ്ങള്‍ തേടി എത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ജനാധിപത്യത്തയേും പ്രതിപക്ഷത്തേയും കേന്ദ്ര സര്‍ക്കാര്‍ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് പൊലീസ് നടപടിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.