ഇന്ത്യൻ നിർമിത ഹെല്‍ത്ത് സിറപ്പ് കുടിച്ച് ഉസ്ബക്കിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് നോയിഡ ആസ്ഥാനമായ മരിയോണ്‍ ബയോടെക്ക് പ്ലാന്റിലെ മരുന്ന് ഉല്‍പ്പാദനം നിര്‍ത്തിവച്ചു. ഉത്തര്‍പ്രദേശ് ഡ്രഗ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ ഉത്തരവിലാണ് ഉൽപ്പാദനം പൂർണമായും നിർത്തിവച്ചത്.
ഉത്തര്‍പ്രദേശ് സംസ്ഥാന ഡ്രഗ് കണ്ട്രോളര് നോയിഡയിലെ പ്ലാന്റിൽ നടത്തിയ പരിശോധനയിൽ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്ന ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (ജിഎംപി) കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തി. തുടർന്നാണ് ഉൽപ്പാദനം നിർത്താൻ ഉത്തരവിട്ടത്.
ലബോറട്ടറിയില്‍ സിറപ്പുകളുടെ പരിശോധനയില്‍ വിഷ പദാര്‍ത്ഥമായ ‘എഥിലീന്‍ ഗ്ലൈക്കോള്‍’ന്റെ സാന്നിധ്യം കണ്ടെത്തിയതായി ഉസ്ബെക്കിസ്ഥാന്റെ ആരോഗ്യ മന്ത്രാലയം ആരോപിച്ചിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ, മാതാപിതാക്കളോ ഫാര്‍മസിസ്റ്റുകളോ, കുട്ടികള്‍ക്ക് ഓവര്‍ ഡോസ് മരുന്ന് നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി.