ദുബായിൽ ജനന – മരണ സർട്ടിഫിക്കറ്റുകൾ ഇനിമുതൽ സ്വകാര്യ ആശുപത്രി വഴി ലഭിക്കും. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സേവനം പ്രവാസികളുടെ മൃതദേഹം നേരത്തേ നാട്ടിലെത്തിക്കാൻ സാധിക്കും.
ദുബായിലെ നാല് സർക്കാർ ആശുപത്രികൾ വഴി മാത്രമായിരുന്നു ജനന- മരണ സർട്ടിഫിക്കറ്റുകൾ ഇതുവരെ ലഭിച്ചിരുന്നത്. എന്നാൽ മരണ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ വൈകുന്നതോടെ മൃതദേഹങ്ങൾ നാട്ടിലേക്കെത്തിക്കുന്നതും വൈകിയിരുന്നു. അതേസമയം പുതിയ നിർദേശമനുസരിച്ച് ഏത് ആശുപത്രിയിൽ വച്ചാണോ മരണപ്പെടുന്നത് അവിടെ നിന്ന് തന്നെ മരണ സർട്ടിഫിക്കറ്റ് ലഭ്യമാകും.
ആദ്യഘട്ടത്തിൽ മിർദിഫ് ഹോസ്പിറ്റൽ, മെഡ്കെയർ വനിത, ശിശു ആശുപത്രി എന്നീ സ്വകാര്യ ആശുപത്രികളിൽ മാത്രമേ ജനന – മരണ സർട്ടിഫിക്കറ്റുകൾ നൽകുകയുള്ളു. അടുത്ത വർഷം കൂടുതൽ ആശുപത്രികളിലേക്കും ഇത് വ്യാപിക്കും. കൂടാതെ ജദ്ദാഫിലെ ഡി എച് എ കേന്ദ്രത്തിലും ഈ സേവനം ലഭിക്കും. എന്നാൽ കറാമ റാശിദിയ്യ മെഡിക്കൽ സെന്ററുകളിൽ ഇനിമുതൽ ഈ സേവനം ലഭ്യമാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.