ജിസിസി രാജ്യങ്ങളിൽനിന്ന് യുഎഇയിലേക്ക് എത്തുന്നതിനുള്ള വീസ നടപടികൾ ലളിതമാക്കി. ജിസിസി രാജ്യങ്ങളിൽ താമസ വീസയുള്ളവർക്ക് യുഎഇയിൽ ഓരോ ദിവസവും വന്ന് പോകാവുന്ന തരത്തിലാണ് പുതിയ മാറ്റം.
മൂന്ന് മാസം കാലാവധിയുള്ള വീസയാണ് അനുവദിക്കുക. എന്നാൽ ഓരോ തവണയും 48 മണിക്കൂറിൽ കൂടുതൽ രാജ്യത്ത് താമസിക്കാനുള്ള അനുവാദമില്ല. കൂടാതെ ഈ വീസ ഉപയോഗിച്ച് ജോലി ചെയ്യാനോ ശമ്പളം വാങ്ങിക്കാനോ പാടില്ലെന്ന നിബന്ധനയുമുണ്ട്. വീസ നേടുന്നവർക്ക് കടൽമാർഗമോ കരയിലൂടെയോ വ്യോമപാതയിലൂടെയോ യുഎഇയിലേക്കു പ്രവേശിക്കാവുന്നതാണ്.
എന്നാൽ വീസയുടെ കാലാവധി നീട്ടാനാകില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് ഈ വീസ ലഭിക്കുക. കുടുംബാംഗങ്ങളോടൊപ്പം എത്തുന്നവർക്കും വീസ അനുവദിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം വിവിധ രാജ്യങ്ങളിലേക്ക് ചരക്കെത്തിക്കുന്ന ട്രക്ക് ഡ്രൈവർമാർക്കും ഈ വീസ പ്രയോജനപ്പെടുത്താനാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതാത് രാജ്യത്തെ റസിഡൻസ് വീസ, തിരിച്ചറിയൽ കാർഡ്, ഇൻഷുറൻസ് പോളിസി, പാസ്പോർട്ട് കോപ്പി, ഫോട്ടോ എന്നിവയാണ് വീസ നേടുന്നതിന് ആവശ്യമായ രേഖകൾ. 550 ദിർഹം ഫീസായി ഈടാക്കും. ഐ സി പി വെബ്സൈറ്റിലോ യുഎഇ എംബസി വഴിയോ അതിർത്തി ചെക്ക്പോസ്റ്റിലോ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് താമസ തിരിച്ചറിയൽ വിഭാഗം അറിയിച്ചു. കൂടാതെ അപേക്ഷയോടൊപ്പം അതാതു രാജ്യത്തിന്റെ അംഗീകൃത കേന്ദ്രം നൽകിയ അനുമതിയും സമർപ്പിക്കണം.