ഗോവധത്തിൽ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്. ഗോക്കളെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്നും ഇതുവരെ ഞങ്ങൾ അഞ്ച് പേരെ കൊന്നുവെന്നും ബിജെപി മുന്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ വെളിപ്പെടുത്തി. പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോൾ.
2017ലും 2018ലുമാണ് രണ്ട് കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത്. പെഹ്ലുഖാന്റെയും രഖ്ബര്‍ ഖാന്റെയും കൊലപാതകങ്ങളാണിത്. കൊല്ലപ്പെട്ട മറ്റ് മൂന്നുപേരുടെ പേര് ബിജെപി എംഎൽഎ പുറത്തുവിട്ടില്ല. ‘ഞാനവര്‍ക്ക് കൊല്ലാനുള്ള സ്വാതന്ത്ര്യം നല്‍കിയതാണ്. ഞങ്ങള്‍ അവരെ രക്ഷിച്ച് ജാമ്യം വാങ്ങിനൽകും.’ ഗ്യാന്‍ ദേവ് അഹൂജ വിവാദമായ വിഡിയോയില്‍ പറയുന്നു.
വിഡിയോ പ്രചരിച്ചതോടെ അഹൂജയ്ക്കെതിരെ വര്‍ഗീയ സംഘര്‍ഷം ആഹ്വാനം ചെയ്തതിന്റെ പേരിൽ പൊലീസ് കേസെടുത്തു. കൊലപാതകികള്‍ ദേശസ്നേഹികളാണെന്നും ഛത്രപതി ശിവജിയുടെയും ഗുരു ഗോവിന്ദ് സിങിന്റെയും യഥാര്‍ത്ഥ പിന്‍ഗാമികളാണെന്നും മുൻപ് ഒരിക്കൽ ബിജെപി നേതാവ് പറഞ്ഞിട്ടുണ്ട്. എന്നാൽ അഹൂജയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നുമാണ് അൽവാർ യൂണിറ്റിന്റെ വിശദീകരണം.