റിയാദ്: വയർ,ഇടുപ്പെല്ലുകൾ, കരൾ, കുടൽ,മൂത്രസഞ്ചി,പ്രത്യുത്പാദന അവയവങ്ങൾ പെൽവിക് അസ്ഥികൾ എന്നിവ സങ്കീർണമായി കൂടിച്ചേർന്ന അവസ്ഥയിലുള്ള രണ്ട് കുഞ്ഞുങ്ങൾ. ഹസാനയും ഹസീനയും, വിദഗ്ധ ഡോക്ടർമാരുടെ 14 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ പുതിയ വഴികളിലേക്ക് വേർപിരിഞ്ഞു. നൈജീരിയൻ സ്വദേശിയായ ഒമർ എന്നയാളിന്റെ കുട്ടികൾക്കാണ് സൗദി അറേബ്യയുടെ കാരുണ്യത്തിൽ പുതുജീവിതം ലഭിച്ചത്.
കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൾ അസീസ് അൽ റബീഹയുടെ നേതൃത്വത്തിലൂള്ള സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.സൽമാൻ രാജാവിന്റെ പ്രത്യേക നിർദേശപ്രകാരം നടന്ന ശസ്ത്രക്രിയയിൽ 36 ഡോക്ടർമാരും 85 മൾട്ടി ഡിസിപ്ലിനറി മെഡിക്കൽ ടീം അംഗങ്ങളും പങ്കെടുത്തു.
സയാമീസ് ഇരട്ടകളെ വേർതിരിക്കുന്ന സൗദി അറേബ്യയുടെ പദ്ധതി പ്രകാരം 23 രാജ്യങ്ങളിൽ നിന്നുള്ള 130 കേസുകൾക്ക് മേൽനോട്ടം വഹിച്ചിട്ടുണ്ട്.