മുഖ്യമന്ത്രി പിണറായി വിജയൻ നോർവേ സന്ദർശനം പൂർത്തിയാക്കി ഇന്ന് ലണ്ടനിലെത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെ മുഖ്യമന്ത്രി ലണ്ടനിലെത്തും. ലോക കേരള സഭ യൂറോപ്പ് മേഖല സമ്മേളനം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള മലയാളി പ്രവാസി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും.
മന്ത്രി പി രാജീവാണ് മുഖ്യമന്ത്രിയ്ക്ക് ഒപ്പമുള്ളത്. മന്ത്രിമാരായ വീണാ ജോർജും വി ശിവൻകുട്ടിയും കഴിഞ്ഞ ദിവസം യുകെയിലെത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് ചേർന്ന മൂന്നാം ലോക കേരള സഭയുടെ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള നടപടികളാകും യൂറോപ്പ് മേഖല സമ്മേളനത്തിൽ ചർച്ചയാവുക.
യൂറോപ്പിലെ വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ കഴിവ് തെളിയിച്ച മലയാളികളും വിദ്യാർത്ഥികളും ആരോഗ്യ പ്രവർത്തകരും അതിഥികളായെത്തും. നവകേരള നിർമ്മാണം എന്ന വിഷയത്തിൽ ചർച്ചകൾ നടക്കും.
കേരളത്തിൽ സംരംഭം ആരംഭിക്കാൻ താൽപര്യപ്പെടുന്നതായി നോർവേ മലയാളികൾ മുഖ്യമന്ത്രിയോട് വ്യക്തമാക്കിയിരുന്നു. നോർവേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ച് ചിലർ സംസാരിച്ചത്. സംരംഭത്തിന് വേണ്ട എല്ലാ സഹായവും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.