സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദല്ലാളിനെ നന്നായി അറിയുക യുഡിഎഫിനാണെന്നും മുഖ്യമന്ത്രി സോളാര്‍ കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ പറഞ്ഞു.
‘സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ട്. ഈ ദല്ലാള്‍ എന്നെ കാണാന്‍ വന്നപ്പോള്‍ ഇറങ്ങി പോകണം എന്ന് പറഞ്ഞയാളാണ് ഞാന്‍. കേരളഹൗസില്‍ ഞാന്‍ പ്രാതല്‍ കഴിക്കുന്ന സമയത്താണ് ഇയാള്‍ റൂമിലേക്ക് കയറിയത്. അപ്പോഴാണ് ഇറങ്ങിപോകാന്‍ പറഞ്ഞത്. അത് വിഡി സതീശന് പറയുമോ എന്ന് അറിയില്ല. അത് പറയാന്‍ വിജയന് മടിയില്ല. അത് നിങ്ങളെ ബോധ്യപ്പെടുത്താന്‍ പറയുന്നതുമല്ല. സംഭവം നടന്ന് എത്രയോ വര്‍ഷമല്ല. ദല്ലാള്‍ എന്റെ അടുത്തെത്തി എന്ന് പറഞ്ഞത് നിങ്ങള്‍ ഉണ്ടാക്കിയ കഥയാണ്. അത്ര പെട്ടെന്ന് എന്റെ അടുത്ത് വരാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല,’ മുഖ്യമന്ത്രി പറഞ്ഞു.
2016 ജൂലൈ 26നാണ് ഈ പറയുന്നവരുടെ പരാതി വരുന്നത്. അത് അധികാരത്തില്‍ വന്നതിന് മൂന്നാമത്തെ മാസമാണ്. സിബിഐയ്ക്ക് വിട്ടതിനെക്കുറിച്ച് പറയുകയുണ്ടായി. അതുമായി ബന്ധപ്പെട്ട പരാതി എന്റെ കയ്യില്‍ കിട്ടുന്നത് 12.01.21നാണ്. 15.01.21 ന് ഞാന്‍ അതില്‍ നിയമോപദേശം നേടുന്നുണ്ട്. അപ്പോള്‍ അതുമായി ബന്ധപ്പെട്ട് താന്‍ എന്തോ പ്രത്യേക താത്പര്യത്തോടെ ഉമ്മന്‍ചാണ്ടിക്കെതിരെ പ്രത്യേക പരാതി എഴുതാന്‍ ശ്രമിച്ചു എന്നാണല്ലോ സ്ഥാപിക്കാന്‍ ശ്രമിച്ചത്. അതല്ല എന്ന് ഇതിലൂടെ ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.
പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നടപടിയെടുത്തിട്ടുള്ളത്. സോളാര്‍ തട്ടിപ്പ് കേസുകള്‍ കേരളത്തിലെ ഭരണ രംഗത്ത് യുഡിഎഫ് നേതൃത്വത്തില്‍ നടന്ന അധികാര ദുര്‍വിനിയോഗത്തിന്റെയും
അഴിമതിയുടെയും അരാജകത്വത്തിന്റെയും സ്വാധീനം എത്ര വലുതാണെന്ന് തുറന്ന് കാണിച്ച ഒന്നായിരുന്നു. നാടിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കേണ്ടിയിരുന്ന പാരമ്പര്യേതര ഊര്‍ജ പദ്ധതിയെയാണ് കോടികള്‍ അഴിമതിയിലൂടെ തട്ടിയെടുത്ത അവസരമാക്കി മാറ്റിയത്. ഇത് യുഡിഎഫ് തന്നെ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കയ്യില്‍ ഇല്ല. സോളാറില്‍ ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നാണ് ആദ്യം മുതല്ക്കുള്ള നിലപാട്. ഉമ്മന്‍ചാണ്ടിക്കെതിരെ മുന്‍പ് ആരോപണം ഉന്നയിച്ചത് മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് ആണ്. പാതിരാത്രിയില്‍ പരാതിക്കാരിയെ വിളിച്ചു സംസാരിച്ചത് കോണ്‍ഗ്രസ് സംസാരിച്ചത് കോണ്‍ഗ്രസ് ഭരണഘടന അല്ലല്ലോ എന്ന് ചോദിച്ചത് ഞങ്ങളല്ല. വേട്ടയാടലിന്റെ ചരിത്രം പറഞ്ഞാല്‍ യുഡിഎഫിന് അത്ര സുഖമാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ആരെയും വേട്ടയാടിയിട്ടില്ല. ലഭ്യമല്ലാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ അന്വേഷണത്തിനു പ്രയാസമാണ്. റിപ്പോര്‍ട്ടില്‍ നിയമ പരിശോധന നടത്താമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ പ്രമേയം സഭ തള്ളി.