തിരുവനന്തപുരം: സിപിഎമ്മിൻ്റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം പത്താമുദയത്തിലാണെന്ന വിമർശനങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരുടേയും സൗകര്യം ഉള്ള ഒരു ദിവസം നോക്കി പാർട്ടി ആസ്ഥാനത്തിന് ഉദ്ഘാടനം നിശ്ചയിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മേടം പത്തായ ഇന്ന് പത്താമുദയമാണ്, ഏത് കാര്യത്തിനും തുടക്കമിടാൻ പറ്റിയ ദിവസമായാണ് പത്താമുദയത്തെ പറയുന്നത്. പത്താമുദയത്തിൽ തന്നെ സിപിഎം ആസ്ഥാനം ഉദ്ഘാടനം ചെയ്യുന്ന സാഹചര്യത്തിലാണ് ഇതേക്കുറിച്ച് സമൂഹമാധ്യമങ്ങളിലും പറ്റും ചർച്ചയുണ്ടായത്. എന്നാൽ പത്താമുദയം നോക്കി ഉദ്ഘാടനം നിശ്ചയിച്ചതല്ല എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
പഞ്ചാംഗം നോക്കി പ്രത്യേകത കണ്ടുപിടിച്ചാണ് ചിലർ ഈ ഉദ്ഘാടന ദിനം വിവാദമാക്കിയത്. അതൊന്നും ഏശുന്ന പാർട്ടിയല്ല സിപിഎം. വിശേഷ ദിവസം നോക്കിയാൽ ലോക പുസ്തക ദിനവും ഷേക്സ്പിയറുടെ ചരമദിനവും ആണ് ഇന്ന്. ഏപ്രിൽ 23-നാണ് കുഞ്ഞമ്പു രക്തസാക്ഷിയാകുന്നത്. എന്നാൽ ഈ പ്രത്യേകതകൾ ഒന്നും ആലോചിച്ചല്ല സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിലെ എകെജി സെന്റർ കെട്ടിടത്തിന് മുന്നിലായി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് പാർട്ടി വില കൊടുത്ത് വാങ്ങിയ 36 സെന്റിലാണ് സിപിഎം ആസ്ഥാനമായി പുതിയ ഒൻപത് നില കെട്ടിടം നിർമ്മിച്ചത്. ഏതാണ്ട് മൂന്ന് വർഷമെടുത്ത് നിർമ്മാണം പൂർത്തിയാക്കിയ ഓഫീസ് രാജ്യത്തെ ഒരേ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയനാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.
സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി വിശിഷ്ട അതിഥിയായ ചടങ്ങിൽ എംവി ഗോവിന്ദനും മന്ത്രിമാരും ഘടകക്ഷി നേതാക്കളുമെല്ലാം പങ്കെടുത്തു. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞെങ്കിലും പുതിയ ഓഫീസ് പൂർണതോതിൽ പ്രവർത്തനസജ്ജമാകാൻ ഇനിയും ദിവസങ്ങളെടുക്കും.
എന്താണ് പത്താമുദയം ?
മലയാളവർഷത്തിലെ മേടം പത്താം ദിവസമാണ് പത്താമുദയം. ഈ ദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു.. സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണെന്നാണ് വിശ്വാസം. കർഷകർക്കു വളരെ പ്രധാനപ്പെട്ടതാണ് ഈ ദിവസം. പണ്ടൊക്കെ വിഷുദിവസം പാടത്ത് കൃഷിപ്പണി തുടങ്ങുന്ന രീതിയുണ്ട്. കൃഷിപ്പണികളുടെ തുടക്കമായി പാടത്തു ചാലു കീറലാണു വിഷുദിവസം ചെയ്യുക. എന്നാൽ ഏതു വിളവിനാണെങ്കിലും വിത്തു വിതയ്ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്.
പത്താമുദയത്തിനു വിതയ്ക്കാനും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ല എന്നാണു പഴമക്കാരുടെ വിശ്വാസം. കൂടാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്. ഈ ദിവസങ്ങളിൽ സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികൾക്കു ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു. നിത്യപൂജയില്ലാത്ത കാവുകളിലും മറ്റും ഈ സമയത്തു പൂജകൾ നടക്കുന്നു. വീടു പാലുകാച്ചിനു ഈ ദിനം ഉത്തമമായി കരുതുന്നു.