പെട്രോളിയം കമ്പനികളിൽനിന്നു നഷ്ടപരിഹാരം ഈടാക്കണമെന്ന് കാലാവസ്ഥാ ഉച്ചകോടിയിൽ ആവശ്യമുയർന്നു. ആഗോള താപനം തടയാനുള്ള കർശന നടപടികൾ വേണമെന്നും ഉന്നയിച്ചു. ഐക്യരാഷ്ട്ര സംഘടന മേധാവി അന്റോണിയോ ഗുട്ടെറസിനൊപ്പം വിവിധ രാഷ്ട്രനേതാക്കളും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി.
കാർബൺ ബഹിർഗമനത്തിലൂടെ പല എണ്ണക്കമ്പനികളും ലാഭമുണ്ടാക്കുന്നുണ്ട്. കൂടാതെ ഏറ്റവും കൂടുതൽ അന്തരീഷ മലിനീകരണം ഉണ്ടാക്കുന്ന രാജ്യങ്ങളും ചേർന്നു കാലാവസ്ഥ ദുരന്തം നേരിടുന്ന വികസ്വര രാജ്യങ്ങൾക്കു നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും മുന്നോട്ട് വച്ചു. ഇതാദ്യമായാണ് ഉച്ചകോടിയിൽ ഇത്തരമൊരു വിഷയം ഉയർന്നു വന്നത്.
കാർബൺ മലിനീകരണം കുറഞ്ഞ ദ്വീപ് രാജ്യങ്ങളും പാവപ്പെട്ട രാജ്യങ്ങളുമാണു കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരന്തങ്ങളുടെ പ്രധാന ഇരകൾ. അതുകൊണ്ടുതന്നെ സമ്പന്ന രാജ്യങ്ങൾ ഉത്തരവാദിത്തം പ്രകടിപ്പിക്കണം. എണ്ണക്കമ്പനികൾ പ്രതിദിനം 300 കോടി ഡോളറിലേറെയാണ് ലാഭമുണ്ടാക്കുന്നത്. ഇതിൽ ഒരു വിഹിതം കാലാവസ്ഥ ഫണ്ടിലേക്കു മാറ്റിവയ്ക്കണമെന്നും വിവിധ നേതാക്കൾ ചൂണ്ടിക്കാട്ടി.