മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി ലോകായുക്ത. പിണറായി വിജയന് നടത്തിയ സ്വകാര്യ വിരുന്നില്‍ അല്ല താന്‍ പങ്കെടുത്തത് എന്നും മുഖ്യമന്ത്രി നടത്തിയ ഔദ്യോഗിക വിരുന്നാണെന്നും ലോകായുക്ത പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മുഖ്യമന്ത്രി പ്രതിയായ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റല്‍ കേസില്‍ ഭിന്നാഭിപ്രായം ചൂണ്ടിക്കാണിക്കാതെ ഫുള്‍ ബെഞ്ചിന് വിട്ടു, കേസിലെ ഹര്ജിക്കാരന് ആര്‍എസ് ശശികുമാറിനെ പേപ്പട്ടിയോട് ഉപമിച്ചു, മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തു തുടങ്ങിയ ആരോപണങ്ങളിലാണ് ലോകായുക്തയുടെ മറുപടി.
ക്ഷണം ലഭിച്ചതുകൊണ്ടാണ് വിരുന്നില്‍ പങ്കെടുത്തത്. ഔദ്യോഗിക വിരുന്നില്‍ പങ്കെടുത്താല്‍ സര്‍ക്കാരിന് അനുകൂലമായി വിധി എഴുതുന്നവരാണ് ജഡ്ജിമാര്‍ എന്ന ചിന്ത അധമവും സംസ്കാരരഹിതവുമാണ്. പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ലോകായുക്ത പറയുന്നു.
ലോകായുക്ത പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മാധ്യമങ്ങളും ചേര്‍ന്ന് ആ തൊപ്പി അദ്ദേഹത്തിന്റെ ശിരസ്സില്‍ അണിയിച്ചതാണെന്നും ലോകായുക്ത പറഞ്ഞു.
വഴിയില്‍ പേപ്പട്ടി നില്‍ക്കുന്നത് കണ്ടാല്‍ അതിന്റെ വായില്‍ കോലിടാന്‍ നില്‍ക്കാതെ ഒഴിഞ്ഞുമാറി പോകുന്നതാണ് വിവേകമെന്ന് പറഞ്ഞത് വിവേക പൂര്‍വ്വമായ പ്രതികരണത്തിന്റെ ഒരു ഉദാഹരണമാണ്. ആശയം വിശദമാക്കാന്‍ ഉദാഹരണം പറഞ്ഞാല്‍ പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നത് നിയമപ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ദുരിതാശ്വാസ നിധി കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത് നിയമാനുസൃതമാണ്. ബെഞ്ചിലെ ജഡ്ജിമാര്‍ പ്രത്യേകം വിധിന്യായങ്ങള്‍ എഴുതിയില്ലെന്ന ആക്ഷേപത്തില്‍ കഴമ്പില്ല. മൂന്നംഗ ബെഞ്ചിന് വിടുമ്പോള്‍ പ്രത്യേകം വിധിന്യായങ്ങള്‍ എഴുതണമെന്നോ രണ്ട് പേരുടെയും നിലപാടുകള്‍ എന്താണെന്ന് വ്യക്തമാക്കണമെന്നോ പ്രസ്തുത നിലപാടിന്റെ സാധൂകരണം എന്താണെന്ന് വിശദീകരിക്കണമെന്നോ നിയമം ആവശ്യപ്പെടുന്നില്ല. വ്യക്തമാക്കപ്പെട്ട ഏതെങ്കിലും വിഷയത്തില്‍ തങ്ങള്‍ക്ക് ഭിന്നാഭിപ്രായമുണ്ടെന്ന് രേഖപ്പെടുത്തിയാല്‍ മതിയെന്നും ലോകായുക്ത പറയുന്നു.