തിരുപ്പിറവിയുടെ സ്മരണയില്‍ ലോകമെങ്ങും ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ രണ്ട് ക്രിസ്മസ് കോവിഡ് നിയന്ത്രണങ്ങളുടേതായിരുന്നെങ്കിൽ ഇക്കുറി കൂട്ടായ്മയുടെ സന്തോഷത്തിലാണ് തിരുപ്പിറവി ആഘോഷങ്ങൾ.
യേശുവിന്റെ തിരുപ്പിറവിസ്മരണ പുതുക്കി ദേവാലയങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ പാതിരാകുർബാനയിൽ പങ്കുകൊണ്ടു. സന്തോഷസൂചകമായി കേക്ക് മുറിച്ചു. കരോൾ പര്യടനങ്ങളും നടന്നു.
തൊഴിലിടങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ക്രിസ്മസ് ആഘോഷങ്ങളും ഇക്കുറി ഗംഭീരമായി നടന്നു. കേക്ക്, ട്രീ, പുൽക്കൂട്, എന്നിവയാൽ അലങ്കാര വിപണികളും തിളങ്ങി. ക്രിസ്മസ് പപ്പായുടെ വേഷവിധാനങ്ങൾക്കും ആവശ്യക്കാരേറെയായിരുന്നു.
യുദ്ധത്തില്‍ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓര്‍മിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. ഉക്രൈനിലെ യുദ്ധത്തെയും മറ്റ് സംഘര്‍ഷങ്ങളെയും കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, അധികാരത്തോടുള്ള അത്യാഗ്രഹം അയല്‍ക്കാരെപ്പോലും വിഴുങ്ങാന്‍ പ്രേരിപ്പിക്കുന്ന തരത്തിലെത്തിയെന്നും പറഞ്ഞു. മാര്‍പാപ്പയായി സ്ഥാനമേറ്റെടുത്ത ശേഷം പത്താമത്തെ ക്രിസ്മസ് സന്ദേശമായിരുന്നു ഇത്തവണത്തേത്.