ലോക ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതെത്തിയതിന് പിന്നാലെ പ്രതികരണവുമായി ചൈനീസ് വിദ്യേശകാര്യ വക്താവ് വാങ് വെന്‍ബിന്‍. ജനസംഖ്യ ഉണ്ടായിട്ട് മാത്രം കാര്യമില്ലെന്നും ഗുണത്തിലാണ് കാര്യമെന്നുമാണ് വാങ് വെന്‍ബിന്റെ പ്രതികരണം.
‘തൊഴില്‍ വൈദഗ്ധ്യമുള്ള 90 കോടി പേര് ഇപ്പോഴും ചൈനയിലുണ്ട്. ജനസംഖ്യയില്‍ ഒന്നാമതെത്തി നേട്ടം കൈവരിക്കുന്നതിലല്ല, പകരം ജനസംഖ്യയും കഴിവുമാണ് പ്രധാനം,’ വാങ് വെന്‍ബിന്‍ പറഞ്ഞു.
ജനസംഖ്യ പ്രധാനമാണ്. അതുപോലെ തന്നെ കഴിവും. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും വലിയ സാമ്പത്തിക നേട്ടം കൈവരിച്ച രാജ്യം ചൈനയാണെന്നും വെന്‍ബിന്‍ പറഞ്ഞു.
ചൈനയിലെ ജനസംഖ്യ 1.4 ബില്യണിലധികമാണ്. അതില്‍ ജോലി ചെയ്യുന്നവരുടെ പ്രായത്തിലുള്ളവര്‍ 900 കോടിയാണെന്നും വാങ് വെന്‍ബിന്‍ പറഞ്ഞു.
ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ കാല് ഭാഗവും 0-14 വയസുവരെയുള്ളവരാണ്. 18 ശതമാനം 10-19 വയസുവരെ ഗ്രൂപ്പുകളില്‍ ഉള്ളവയാണ്. 26 ശതമാനം 10-24 വയസില്‍ പെടുന്നവരാണ്. 15-64 വയസുവരെയുള്ളവരില്‍ 68 ശതമാനം പേരാണ് ഉള്ളത്. ഏഴ് ശതമാനം മാത്രമാണ് 65 വയസിന് മുകളിലുള്ളവര്‍.
ഈ വര്‍ഷം പകുതിയോടെ ചൈനയെ പിന്തള്ളി ലോക ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതെത്തുമെന്നാണ് ഐക്യരാഷ്ട്ര സഭ പറഞ്ഞിരിക്കുന്നത്. ഈ വര്‍ഷം പകുതിയോടെ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടിയാകുമെന്നുമാണ് യുനൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചൈനയില്‍ 142.57കോടിയാണ് ആകെ ജനസംഖ്യ. 2022ല്‍ 144.85 കോടിയായിരുന്നു ചൈനയിലെ ജനസംഖ്യ. ഇന്ത്യയിലെ ജനസംഖ്യ മുന്നോട്ട് കുതിക്കുമ്പോള്‍ ചൈനയിലെ ജനസംഖ്യയില്‍ ഇടിവുണ്ടായി.
ഐക്യരാഷ്ട്ര സഭയുടെ മുന്‍കാല രേഖകള്‍ വെച്ച് 2023 ഏപ്രിലോടെ ഇന്ത്യ ലോക ജനസംഖ്യയില്‍ ഒന്നാമതെത്തുമെന്ന് ജനസംഖ്യാപഠനം നടത്തുന്ന സ്വകാര്യ ഏജന്‍സികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് വരുന്ന ജനസംഖ്യ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമല്ലാത്തതിനാല്‍ അത്തരത്തില്‍ പ്രവചിക്കാന്‍ കഴിയില്ലെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞിരുന്നു.
2022 നവംബറോടെ ലോക ജനസംഖ്യ 800 കോടി കടന്നിരുന്നു. അതേസമയം 2022ന്റെ അവസാനത്തോടെ തന്നെ ഇന്ത്യയുടെ ജനസംഖ്യ 141.7 കോടിയിലെത്തിയിരിക്കാമെന്ന് സ്വതന്ത്ര സംഘടനയായ വേള്‍ഡ് പോപുലേഷന്‍ റിവ്യൂ പുറത്തുവിട്ട കണക്കുകളില്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ ജനസംഖ്യ142.3 കോടിയായി ഉയര്ന്നിട്ടുണ്ടാകാമെന്നും വിപിആര്‍ പറഞ്ഞിരുന്നു.