പ്രസവിച്ചയുടൻ അമ്മ ബക്കറ്റിലുപേക്ഷിച്ച നവജാതശിശു പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു. അമ്മയ്ക്ക് പകരം കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരും ജീവനക്കാരും കണ്ണിമ ചിമ്മാതെ ആ കുഞ്ഞ് ജീവനെ പരിചരിച്ചു, ചൂട് പകർന്നു. ഒടുവിൽ വനിതാ ശിശുവികസന വകുപ്പ് ഏറ്റെടുക്കുമ്പോൾ നിറകണ്ണുകളോടെ അവർ ആ കുഞ്ഞിനെ യാത്രയാക്കി.
കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ കുട്ടികളുടെ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. മാസം തികയാതെ പ്രസവിച്ച കുട്ടിയായതിനാൽ 1.3 കിലോഗ്രാം മാത്രമായിരുന്നു കുട്ടിയുടെ ഭാരം. അണുബാധയേൽക്കാതിരിക്കാൻ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും ഡോക്ടർമാർ തുടക്കം മുതലേ ശ്രദ്ധിച്ചിരുന്നു. പൊലീസും കുഞ്ഞിന്റെ വിവരങ്ങൾ വിലയിരുത്തുന്നുണ്ടായിരുന്നു.
പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവവുമായി ചികിത്സ തേടിയെത്തിയ പത്തനംതിട്ട കോട്ടയിൽ സ്വദേശിനിയാണ് കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസുകാരാണ് കുട്ടിയെ ഉടനടി ആശുപത്രിയിലെത്തിച്ചത്. വീട്ടിൽ വച്ച് പ്രസവിച്ചെന്നും കുഞ്ഞ് മരിച്ചതിനാൽ ബക്കറ്റിൽ ഉപേക്ഷിച്ചെന്നുമാണ് അമ്മ ആശുപത്രി അധികൃതരെ അറിയിച്ചത്.