വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിലേക്ക് ചീറ്റകളെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനമായ സെപ്തംബര്‍ 17നാണ് ചീറ്റപ്പുലികളെ ഇന്ത്യയിലേക്കെത്തുക. സൌത്ത് ആഫ്രിക്കയിലെ നമീബയില്‍ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലേക്കാണ് എട്ട് ചീറ്റപ്പുലികളെത്തുന്നത്. ചീറ്റകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ കുനോ ദേശീയോദ്യാനത്തില്‍ പൂര്‍ത്തിയായതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ ക്വാറൻ്റീനിലേക്ക് തുറന്നുവിടുക.
അമിതമായ വേട്ടയാടല്‍, ആവാസവ്യവസ്ഥയിലെ പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാണ് ചീറ്റപ്പുലികളുടെ വംശനാശത്തിന് പിന്നിലെന്നാണ് പഠനങ്ങള്‍. 1992ലായിരുന്നു ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. അഞ്ച് ആണ് ചീറ്റകളും മൂന്ന് പെണ് ചീറ്റകളുമാണ് ഇന്ത്യയിലെത്തുന്നത്. 30 ദിവസമാണ് ക്വാറൻ്റീൻ. പിന്നീട് ചീറ്റകളെ 740 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള പ്രത്യേകമായി തയാറാക്കിയിടത്തേക്ക് തുറന്നുവിടുക.
ഈ വർഷം ജൂലൈയില്‍ കേന്ദ്രസര്‍ക്കാർ നമീബയുമായി ഉടമ്പടി ഒപ്പുവച്ചിരുന്നു. ഇതിനായി അഞ്ച് വര്‍ഷത്തേക്കുള്ള 91 കോടി രൂപയുടെ വിശദമായ പദ്ധതികൾ തയാറാക്കിയിട്ടുണ്ട്.നമീബയില്‍ നിന്നും ചാര്‍ട്ടര്‍ ചെയ്ത കടുവയുടെ മുഖമുള്ള പ്രത്യേക വിമാനത്തിൽ ചീറ്റകളെ ശനിയാഴ്ച പുലര്‍ച്ചെ ജയ്പൂരിലെത്തിക്കും. അവിടെനിന്നും ഹെലികോപ്റ്ററില്‍ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുപോകും.