ക്യുബൻ വിപ്ലവ നായകൻ ചെഗുവേരയുടെ മകന് കാമിലോ ഗുവേര മാര്‍ച്ച് (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് കാമിലോ അന്തരിച്ചതെന്ന് ക്യൂബന്‍ പ്രസിഡന്റ് അറിയിച്ചു. ഏറെ വേദനയോടെയാണ് കാമിലോയ്ക്ക് വിട നല്‍കുന്നതെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗേല്‍ ദിയാസ് കനേല്‍ ട്വീറ്റ് ചെയ്തു.
അഭിഭാഷകന് കൂടിയായ കാമിലോ ചെഗുവേരയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും പ്രചരിപ്പിക്കുന്ന ഹവാനയിലെ ചെഗുവേര സ്റ്റഡി സെന്ററിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മാര്‍ക്കറ്റിങ് കാമ്പെയ്നുകളില്‍ ചെഗുവേരയുടെ ചിത്രം ഉപയോഗിക്കുന്നതിനെ പരസ്യമായി എതിര്‍ക്കുകയും ചെയ്ത വ്യക്തിയാണ് കാമിലോ.
നാലുമക്കളില്‍ മൂന്നാമനായിരുന്നു കാമിലോ. അലെയ്ഡ, സീലിയ, ഏണെസ്റ്റോ എന്നിവര്‍ സഹോദരങ്ങളാണ്. ‘അഗാധമായ വേദനയോടെ, ചെയുടെ മകനും അദ്ദേഹത്തിന്റെ ആശയങ്ങളുടെ പ്രചാരകനുമായ കാമിലോയോട് ഞങ്ങള്‍ വിടപറയുന്നു,” ക്യൂബൻ പ്രസിഡന്റ് മിഗേല്‍ ദിയാസ് കനേല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.