കോഴിക്കോട് പുള്ളാവൂർ പുഴയിൽ ആരാധകർ സ്ഥാപിച്ച മെസ്സി, നെയ്മർ കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ്. ലോകകപ്പ് ആവേശം കൂട്ടാൻ ബ്രസീൽ, അർജന്റീന ഫാൻസ് അസോസിയേഷനുകൾ മത്സരിച്ചായിരുന്നു ഇവിടെ ഭീമൻ കട്ടൗട്ടുകൾ സ്ഥാപിച്ചത്. പുഴ മലിനമാകുമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്.
പഞ്ചായത്തിന്റെ നടപടിക്കെതിരെ നടി രഞ്ജിനി ശക്തമായി രംഗത്തെത്തി. ആരാധകർ കട്ടൗട്ടുകൾ സ്ഥാപിക്കുന്ന വാർത്തയും ദൃശ്യങ്ങളും ഒളിമ്പിക്സ് വെബ്സൈറ്റിലടക്കം പ്രസിദ്ധീകരിച്ചതാണ്. ഇത് കേരളത്തിന് അഭിമാനമല്ലേയെന്നും രഞ്ജിനി ചോദിച്ചു. ഈ സന്തോഷം ഇല്ലാതാക്കരുതെന്നും നടി അധികൃതരോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ മാസമായിരുന്നു അർജന്റീന ആരാധകര്‍ പുഴയുടെ നടുവില്‍ മെസ്സിയുടെ 30 അടി ഉയരമുളള കട്ടൗട്ട് സ്ഥാപിച്ചത്. ഇത് അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തു. പിന്നാലെ ഇതേ സ്ഥലത്ത് 40 അടി ഉയരത്തിൽ ബ്രസീൽ ആരാധകർ നെയ്മറുടെ കട്ടൗട്ടും സ്ഥാപിച്ചു. കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശത്തില്‍ ഇരുടീമുകളുടേയും ആരാധകര്‍ വലിയ നിരാശരയിലാണ്.