കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
കേരള തീരത്ത് ഇന്ന് രാത്രി 0.5 മുതല്‍ 1.0 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രതപാലിക്കാന്‍ നിര്‍ദേശമുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടിവരും.
അതേസമയം കേരളത്തില്‍ ഇത്തവണ കാലവര്‍ഷം കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനീരിക്ഷണ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യഘട്ട( ഏപ്രില്‍ ) കാലവര്‍ഷ 2023 പ്രവചനപ്രകാരം മധ്യ തെക്കന്‍ കേരളത്തില്‍ ഇത്തവണ സാധാരണയില്‍ കൂടുതലും വടക്കന്‍ കേരളത്തില്‍ സാധാരണ നിലയിലോ അല്ലെങ്കില്‍ സാധാരണയില്‍ കുറവോ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പ്രവചനം. ദേശീയതലത്തിലും ഇക്കുറി സാധാരണ പോലെ മഴ ലഭിക്കും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.