രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസികൾ. യാത്ര കശ്മീരിൽ പ്രവേശിക്കാനിരിക്കെയാണ് കാൽനടയാത്ര ഉചിതമല്ലെന്നും കാറിൽ സഞ്ചരിക്കണമെന്നും കേന്ദ്ര ഏജൻസികൾ രാഹുൽ ഗാന്ധിക്ക് നിർദേശം നൽകിയത്. ശ്രീനഗറിൽ എത്തുമ്പോള്‍ രാഹുൽ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന പ്രദേശങ്ങളിൽ ഏജൻസികളുടെ സുരക്ഷാ പരിശോധന തുടരുകയാണ്.
നിലവിൽ പഞ്ചാബിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്. വ്യാഴാഴ്ച യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കും. ബുധനാഴ്ച ഹിമാചൽ പ്രദേശിൽ പ്രവേശിക്കും. വ്യാഴാഴ്ച കശ്മീരിലെ കാഠ്വയിൽ പ്രവേശിക്കും. ജനുവരി 25ന് ബനിഹാലിൽ ദേശീയപതാക ഉയർത്തും. 27ന് അനന്ത്നാഗ് വഴി ശ്രീനഗറിൽ പ്രവേശിക്കും. ജനുവരി 30ന് വിപുലമായ പരിപാടികളോടെ ശ്രീനഗറിൽ സമാപിക്കും.