മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും നിയമിക്കുന്നതില്‍ സുപ്രീം കോടതി വിധി മറികടക്കാനുള്ള നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ ശിപാര്‍ശ ചെയ്യാനുള്ള സമിതിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കും. സമിതിയില്‍ നിന്നും പ്രധാനമന്ത്രി, പ്രതിപക്ഷ കക്ഷി നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവര്‍ വേണം എന്നായിരുന്നു സുപ്രീം കോടതി വിധി. ഇത് മറികടക്കാനുള്ള നിയമനിര്‍മാണത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
നിര്‍ണായക ബില്‍ നിയമമന്ത്രി അര്ജുന് രാം മേഘ് വാള് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. പുതിയ നിയമപ്രകാരം ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന കേന്ദ്രമന്ത്രി ആയിരിക്കും സമിതിയില്‍ ഉണ്ടായിരിക്കുക.
തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാനായി നിഷ്പക്ഷമായ സംവിധാനം വേണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ സുപ്രധാന നിയമനങ്ങള്‍ നടത്താന്‍ സമിതിയെ തീരുമാനിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. സിബിഐ ഡയരക്ടര്‍മാരെ നിയമിക്കുന്ന മാതൃകയില്‍ സമിതിയ്ക്ക് രൂപം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.