ചൈനീസ് ആപ്പുകള്‍ക്ക് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 138 ബെറ്റിങ് ആപ്പുകള്‍ക്കും 94 ലോണ്‍ ആപ്പുകള്‍ക്കുമാണ് പുതിയതായി നിരോധനം ഏര്‍പ്പെടുത്തിയത്. ആപ്പുകളിലൂടെ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. നിരോധിക്കപ്പെട്ട ആപ്പുകളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അടിയന്തരമായി 232 ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം അറിയിച്ചു. ഈ ആപ്പുകള്‍ക്ക് ഇന്ത്യന്‍ പൗരന്മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്നതിനാലാണ് നടപടി.
ഉത്തര്‍പ്രദേശ്, തെലങ്കാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 94 ആപ്പുകള്‍ ഇ-സ്റ്റോറുകളില്‍ ലഭ്യമാണെന്നും മറ്റുള്ളവ തേര്‍ഡ് പാര്‍ട്ടി ലിങ്കുകളിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ കണ്ടെത്തി. രണ്ട് വര്‍ഷത്തിനിടെ 500 ലധികം ചൈനീസ് ആപ്പുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.