ദില്ലി: ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്നത് വിമാനക്കമ്പനികളാണെന്നും ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. അഭ്യന്തര വിമാനനിരക്കുകൾ കുത്തനെ ഉയർന്ന സാഹചര്യം ചൂണ്ടിക്കാട്ടി സിപിഐ എംപി ബിനോയ് വിശ്വം, അടൂർ പ്രകാശ് എംപി എന്നിവർ നൽകിയ കത്തിന് മറുപടിയായിട്ടാണ് വ്യോമയാന മന്ത്രി ജ്യോതിരാതിദ്യസിന്ധ്യ ഇക്കാര്യം വ്യക്തമാക്കിയത്.
നിശ്ചിത പരിധിക്കപ്പുറത്തേക്ക് നിരക്കുകൾ വർധിച്ചോ എന്ന് പരിശോധിക്കാൻ വ്യോമയാനമന്ത്രാലയത്തിന് സംവിധാനമുണ്ട്. എന്നാൽ ഇന്ധനവിലക്കയറ്റം അടക്കം നിരവധി ഘടകങ്ങൾ കാരണം ആണ് നിരക്ക് നിരക്ക് വർധനയുണ്ടാകുന്നത്. എല്ലാ ദിവസവും വിമാനടിക്കറ്റ് നിരക്കുകൾ കേന്ദ്രം നിരീക്ഷിക്കുന്നുണ്ടെന്നും ബിനോയ് വിശ്വം എംപിക്ക് അയച്ച കത്തിൽ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. അവധിക്കാലമായതും ഇന്ധനനിരക്ക് വർധനയുമാണ് നിലവിലെ ടിക്കറ്റ് നിരക്ക് വർധനയ്ക്ക് കാരണമായി വ്യോമയാനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിലുണ്ടായ വർധന തടയാൻ ഇടപെടൽ ആവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചിരുന്നു.