ന്യൂഡൽഹി: കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഡയറക്ടറുമായ അരുൺ കുമാർ സിൻഹയുടെ സർവ്വീസ് ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ. അരുൺ കുമാർ സിൻഹ ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കാനിരിക്കുന്നതിന് തൊട്ടു മുൻപാണ് സർവ്വീസ് കരാർ അടിസ്ഥാനത്തിൽ നീട്ടിയുള്ള ഉത്തരവ് ഇറങ്ങിയത്. ചൊവ്വാഴ്ച ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് (ഡിഒപിടി) പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, അരുൺ കുമാർ സിൻഹ (1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ) ഒരു വർഷത്തേക്ക് എസ്പിജി ഡയറക്ടറായി വീണ്ടും നിയമിക്കപ്പെട്ടു.
“ചട്ടങ്ങൾ പാലിച്ചുള്ള നിയമനമാണിത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ആറ് മാസത്തേക്ക് മാത്രമേ കാലാവധി നീട്ടിനൽകാൻ കഴിയൂ, അതിനപ്പുറം ഒരു എക്സ്റ്റൻഷൻ നൽകണമെങ്കിൽ, എസ്പിജി നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടതുണ്ട്. അതിനാൽ അത് മറികടക്കാൻ അരുൺ കുമാർ സിൻഹയെ കരാർ അടിസ്ഥാനത്തിൽ വീണ്ടും നിയമിച്ചു.” ഒരു മുതിർന്ന ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ എൻഡിടിവിയോട് വിശദീകരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ അരുൺ കുമാർ സിൻഹയുടെ നിയമനത്തിന് വലിയ പ്രസക്തിയുണ്ട്. പ്രധാനമന്ത്രിയുടെയും മുൻ പ്രധാനമന്ത്രിമാരുടെയും അവരുടെ അടുത്ത കുടുംബത്തിന്റെയും സംരക്ഷണത്തിനായി പ്രത്യേകമായി രൂപീകരിച്ച ഉന്നത സേനയാണ് എസ്.പി.ജി. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് 1985-ൽ ആരംഭിച്ച ഈ സേനയിൽ നിലവിൽ 3,000 പേർ ജോലി ചെയ്യുന്നുണ്ട്. കേന്ദ്രസേനകളിൽ നിന്നും സൈന്യത്തിൽ നിന്നും മികച്ച ശാരീരിക ക്ഷമത പുലർത്തുന്നവരെ കണ്ടെത്തിയാണ് എസ്.പി.ജിയിൽ നിയമിക്കുക.
ഇതുവരെ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് എസ്.പി.ജി ഡയറക്ടറായിരുന്നതെങ്കി പുതിയ എഡിജിപി/എഡിജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാവാണം എസ്.പി.ജി ഡയറക്ടറായി ജോലി ചെയ്യേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷയൊരുക്കുന്നതിൽ പല സംസ്ഥാനങ്ങളിൽ ഈയിടെ വീഴ്ചകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രം എസ്.പി.ജി ചട്ടങ്ങളിൽ മാറ്റം വരുത്തിയത്. ഇതോടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ അരുൺ കുമാർ സിൻഹ തന്നെ എസ്.പി.ജി ഡയറക്ടറായി തുടരുമെന്ന് ഉറപ്പായി.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി രാജ്യം മുഴുവൻ സന്ദർശിക്കും പ്രതിപക്ഷം ഭരിക്കുന്ന പഞ്ചാബ്, പശ്ചിമ ബംഗാൾ, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിലേക്കും പ്രധാനമന്ത്രിയെത്തും. ഈ സാഹചര്യത്തിൽ സീനിയർ ഐപിഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വവും ചട്ടങ്ങളിലെ പരിഷ്കാരവും വഴി പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായി ഇടപെടാൻ എസ്.പി.ജിക്ക് സാധിക്കും.