ചിത്ര മേനോൻ
കാനഡ
ജോലിയെന്താണെന്ന് ചോദിച്ചാൽ സ്ഥലപ്പേരുപറയുന്ന ഒരൊറ്റ വിഭാഗം ജനങ്ങളെ ലോകത്തുണ്ടാകു. അത് ഇന്ത്യക്കാരായിരിക്കും, പ്രത്യേകിച്ച് മലയാളികൾ. ഞാൻ ഗൾഫിലാണ്, യുഎസിലാണ്, ഖത്തറിലാണ് എന്നിങ്ങനെ ഓരോ ദേശങ്ങളിലായി മലയാളികൾ അവരുടെ ജോലിയും ജീവിതവുമെല്ലാം വർഷങ്ങൾക്കു മുമ്പെ തന്നെ രൂപപ്പെടുത്തിയിരുന്നു. ഒരു കാലത്ത് വിദേശമെന്നു പറഞ്ഞാൽ ഗൾഫായിരുന്ന മലയാളിക്ക്, കാലം മാറിയതോടെ അത് യുഎസും, യുകെയും ഓസ്ത്രേലിയയുമൊക്കെ ആയി. എന്നാൽ അഭ്യന്തര തടസങ്ങളും കുടിയേറ്റത്തിനുള്ള കാലതാമസവും ഈ രാജ്യങ്ങളുടെ ഡിമാന്റ് കുറച്ചതോടെയാണ് കാനഡ ഇന്ത്യക്കാരുടെ പുതിയ സ്വപ്ന രാജ്യമായി മാറിയത്.
ഗൾഫിനേയും യുഎസിനേയും മറികടന്ന് എന്തുകൊണ്ടാണ് ഇന്ത്യക്കാർ കാനഡയിലേക്ക് ചേക്കേറിയത്? എന്താണ് കാനഡ കുടിയേറ്റക്കാർക്ക് നൽകുന്ന സൗകര്യങ്ങൾ? ഇതെല്ലാം അറിയും മുമ്പ് ഒരൽപ്പം ചരിത്രം കൂടി പരിശോധിക്കാം. 1904 മുതൽ തന്നെ ഇന്ത്യക്കാർ കാനഡയിലേക്ക് ഒഴുകി തുടങ്ങിയെങ്കിലും, കൃത്യമായി പറഞ്ഞാൽ 2016 ടുകൂടിയാണ് രാജ്യത്തേക്ക് ഇന്ത്യൻ കുടിയേറ്റത്തിന്റെ, പ്രത്യേകിച്ച് മലയാളികളുടെ ഒരു കുത്തൊഴുക്ക് കണ്ടുതുടങ്ങിയത്. അതിനുള്ള പ്രധാന കാരണം, കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നതിലും ബഹുസാംസ്കാരികതയെ വിലമതിക്കുന്നതിലും കഴിഞ്ഞ അരനൂറ്റാണ്ടായി കാനഡ നേടിയെടുത്ത പ്രശസ്തിയാണ്. നിലവിൽ കനേഡിയൻ ജനസംഖ്യയുടെ അഞ്ചിലൊന്ന് ഇതുപോലെ വിദേശത്തു ജനിച്ചവരാണ് – അതായത് വ്യാവസായികവൽക്കരിക്കപ്പെട്ട പാശ്ചാത്യ രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന അനുപാതങ്ങളിലൊന്ന്.
യു.കെ പോലെ, കുടിയേറ്റം കനേഡിയൻ സംസ്കാരത്തെയും ഗണ്യമായി രൂപപ്പെടുത്തിയിട്ടുണ്ട്. 1867-ൽ യുകെയിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനെത്തുടർന്ന്, കാനഡ വിശാലമായ ഭൂപ്രദേശങ്ങൾ വികസിപ്പിക്കാൻ കുടിയേറ്റം ഉപയോഗിച്ചു. ഗവൺമെന്റ് സ്പോൺസേർഡ് ഇൻഫർമേഷൻ കാമ്പെയ്നുകളും റിക്രൂട്ടർമാരും ആ കാലഘട്ടത്തിലെ കുടിയേറ്റക്കാരെ ഗ്രാമീണ, അതിർത്തി പ്രദേശങ്ങളിൽ സ്ഥിരതാമസമാക്കാൻ പ്രോത്സാഹിപ്പിച്ചു. എന്നാൽ എല്ലാ കുടിയേറ്റക്കാരെയും രാജ്യം സ്വാഗതം ചെയ്തില്ല. യൂറോപ്പിലെ – ക്രിസ്ത്യൻ ഇതര പശ്ചാത്തലത്തിലുള്ള ചില ആളുകൾ, പാവപ്പെട്ടവർ, രോഗികൾ, വികലാംഗർ ഉൾപ്പെടെ ചിലരെ നിരുത്സാഹപ്പെടുത്തി.
അഭയാർത്ഥികളും മറ്റുള്ളവരും യൂറോപ്പിൽ നിന്ന് പലായനം ചെയ്തതോടെയാണ് കാനഡയുടെ ഇമിഗ്രേഷൻ കണക്കുകൂട്ടൽ തെറ്റിയത്. ഇതോടെ പുറത്തുനിന്നുള്ളവരോടുള്ള പൊതു മനോഭാവം രാജ്യം മയപ്പെടുത്തി. 1960-കളിലെയും 1970-കളിലെയും നിയമനിർമ്മാണങ്ങൾ, കാനഡയിൽ ഇന്ന് നിലവിലുള്ള, ബഹുസാംസ്കാരികതയെ ഉൾക്കൊള്ളുന്ന ഇമിഗ്രേഷൻ ഭരണകൂടത്തിന് അടിത്തറയിട്ടു. 1967-ൽ, കനേഡിയൻ തലസ്ഥാനമായ ഒട്ടാവ അപേക്ഷകരെ വിലയിരുത്തുന്നതിന് പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഒരു സംവിധാനം അവതരിപ്പിച്ചു. ഇത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുതിച്ചുചാട്ടത്തിന് തുടക്കമിട്ടു.
2017 ൽ, യുഎസിൽ ട്രംപ് അധികാരമേറ്റതോടെ കാനഡയുടെ ഇമിഗ്രേഷൻ ചാർട്ട് പിന്നെയും കുതിച്ചുയർന്നു. അതുവരെ ഭാവി നന്നാകണമെങ്കിൽ യുഎസിൽ പോകണമെന്ന് ചിന്തിച്ചവർ കാനഡയിലേക്ക് റൂട്ട് മാറ്റി. യുഎസിന്റെ ചില കുടിയേറ്റ നടപടികളാണ് കാനഡയുടെ സമ്പദ്വ്യവസ്ഥയ്ക്ക് അനുഗ്രഹമായത്. ഉദാഹരണത്തിന്, 2020 ജൂണിൽ, ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് വിസ നൽകുന്നത് ട്രംപ് ഭരണകൂടം താൽക്കാലികമായി നിർത്തിവച്ചു. അതേസമയം, കാനഡ വിദേശ തൊഴിലാളികൾക്ക് തങ്ങളുടെ പ്രദേശത്ത് ജോലി നേടുന്നത് എളുപ്പമാക്കി, ഇതിനായി രണ്ടാഴ്ചയ്ക്കുള്ളിൽ വർക്ക് പെർമിറ്റും നൽകി തുടങ്ങി. ഇതോടെ യുവ ഇന്ത്യൻ ടെക്കികൾ കാനഡയിലേക്ക് ഒഴുകിതുടങ്ങി. അടുത്തിടെ ഫോർബ്സ് മാസിക പുറത്തുവിട്ട കണക്കുകൾ പ്രകാരം കാനഡ 2021-ൽ ഏകദേശം 401,000 വിദേശികൾക്ക് സ്ഥിരതാമസാവകാശം (Permanent Residency -PR) അനുവദിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവുമധികം പങ്കുവഹിച്ചതാകട്ടെ മലയാളികളും.
എന്തുകൊണ്ട് ഇന്ത്യക്കാർ? ഉത്തരം ലളിതം സുന്ദരം
യുവാക്കൾ, പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസം, വിദേശ പ്രവൃത്തിപരിചയം എന്നിവയ്ക്ക് ഉയർന്ന മൂല്യം നൽകുന്ന കാനഡയിലെ പോയിന്റ് അധിഷ്ഠിത സെലക്ഷൻ സമ്പ്രദായമാണ് എക്സ്പ്രസ് എൻട്രി. ഇതിന് ഇന്ത്യൻ പൗരന്മാരാണ് ഏറ്റവും അനുയോജ്യർ എന്നതുകൊണ്ടുതന്നെ. ഉയർന്ന തലത്തിലുള്ള ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യവും ഇന്ത്യക്കാരുടെ പ്ലസ് പോയിന്റാണ്. കൂടാതെ റെക്കോഡ് തലത്തിൽ കനേഡിയൻ സർവകലാശാലകളിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്കും കുടിയേറ്റത്തിന്റെ ആക്കം കൂട്ടി. കാനഡയിൽ പഠിക്കുന്ന ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ബിരുദാനന്തരം ജോലിയിലേക്ക് മാറാൻ എളുപ്പമാണ്, അതുവഴി സ്ഥിര താമസത്തിലേക്കുള്ള വഴിയും. കനേഡിയൻ ബ്യൂറോ ഫോർ ഇന്റർനാഷണൽ എഡ്യൂക്കേഷന്റെ കണക്കനുസരിച്ച്, കനേഡിയൻ സർവകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം 2016 നെ അപേക്ഷിച്ച 127% മാണ് വർധിച്ചത്.
ഇനി ഏതാണ് കാനഡയിലെ സ്വപ്ന നഗരം? സംശയിക്കേണ്ട, കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോ തന്നെ. പുതിയ സ്ഥിരതാമസക്കാരിൽ 49 ശതമാനവും ഒന്റാരിയോ പ്രവിശ്യയിലുള്ള ഈ നഗരമാണ് താമസിക്കാൻ തിരഞ്ഞെടുത്തത്. ബിസി,(British Columbia) നൊവാ സ്കോഷ്യ, എന്നീ പ്രവിശ്യകൾക്കും ഡിമാന്റുണ്ട്. പ്രോവിൻഷ്യൽ ഗവൺമെന്റും ഫെഡറൽ ഗവൺമെന്റും നൽകുന്ന ആകർഷണങ്ങളാണ് ഇതിനു കാരണം. ഓറിയന്റേഷൻ പ്രോഗ്രാമുകൾ, തൊഴിൽ നൈപുണ്യ പരിശീലനം, സാമൂഹിക സേവനങ്ങൾ, സൗജന്യ ഹെൽത്ത് കെയർ, പൗരത്വത്തിലേക്കുള്ള വഴികൾ, മെച്ചപ്പെട്ട വേതനം എന്നിവയാണ് കാനഡയിൽ കുടിയേറ്റക്കാരെ കാത്തിരിക്കുന്നത്. കൂടാതെ ഫാമിലി സ്പോൺസർഷിപ്പുകളെയും രാജ്യം നന്നായി പ്രോത്സാഹിപ്പിക്കുന്നു.
ഇതെല്ലാം ഉണ്ട്. ഇനി കാനഡയിലെത്താൻ എന്താണ് തടസം? ഇവിടെയും പ്രധാന വില്ലൻ കോവിഡ് തന്നെ. കോവിഡും ലോക്ഡൗണുമെല്ലാം സ്ഥിരതാമസത്തിനുള്ള നോമിനേഷനുകളെ സാരമായി തന്നെ ബാധിച്ചു. ഏകദേശം 2.7 ദശലക്ഷം ആളുകളാണ് രണ്ടുവർഷത്തോളമായി കാനഡയിലേക്ക് എൻട്രി കാത്തിരിക്കുന്നത്. സാധാരണ രീതിയിൽ ആറുമാസത്തിനകം തീർപ്പുകൽപ്പിക്കേണ്ട അപേക്ഷകൾക്ക് ഒരു വർഷത്തിലേറെയാണ് നിലവിൽ സമയം എടുക്കുന്നത്. ഇതുകൂടാതെ കുടിയേറ്റക്കാർ ചില സാമ്പത്തിക സൂചകങ്ങളിൽ തദ്ദേശീയരായ കനേഡിയൻമാരെക്കാൾ പിന്നിലായി തുടരുന്നതാണ് മറ്റൊരു ആശങ്ക. തങ്ങളുടെ കഴിവുകൾക്കും യോഗ്യതകൾക്കും ഇണങ്ങുന്ന തൊഴിൽ കണ്ടെത്താൻ പലരും പാടുപെടുന്നുവെന്നതും വാസ്തവം.
ഇങ്ങനെയൊക്കെയാണെങ്കിലും സിനിമയിൽ പറഞ്ഞപോലെ കാടും മലയും കടലും താണ്ടി സ്വന്തം സാമാജ്യം വെട്ടിപ്പിടിച്ചവൻ തന്നെയാണ് മലയാളി. അതുകൊണ്ടുതന്നെ പണിയടുക്കുന്നവന്റെ പുതിയ പടച്ചവനാണ് ഇന്ന് കാനഡ. മലയാളിയുടെ സ്വർഗരാജ്യം.