2022-2023 സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം ആളുകൾക്ക് പൗരത്വം നൽകാൻ കാനഡ ലക്ഷ്യമിടുന്നു. ഇന്ത്യക്കാർക്ക് ഈ തീരുമാനം ഏറെ പ്രയോജനം ചെയ്യും എന്നാണ് കരുതപ്പെടുന്നത്.കാനഡയിലേക്ക് കുടിയേറാനും സ്ഥിരതാമസമാക്കാനും താൽപ്പര്യപ്പെടുന്ന ഇന്ത്യക്കാർക്ക് ഇതിലൂടെ പുതിയ അവസരങ്ങൾ രൂപപ്പെടും.
നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 116,000 പേർക്കാണ് കാനഡ പൗരത്വം നൽകിയത്. ഇതേ നിരക്കിൽ മുന്നോട്ടു പോയാൻ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. 2021-ൽ ഇതേ കാലയളവിൽ 35,000 പേർക്ക് മാത്രമായിരുന്നു പൗരത്വം നൽകിയത്. 2023 മാർച്ച് 31 ഓടെയാണ് മൂന്ന് ലക്ഷം പുതിയ പൗരത്വ അപേക്ഷകൾ പരിഗണിക്കുക.
285,000 എണ്ണത്തിൽ തീരുമാനം എടുക്കുമെന്നും ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻ്റ് സിറ്റിസൺഷിപ്പ് കാനഡ മെമ്മോയിൽ ശുപാർശ ചെയ്തിട്ടുണ്ട്. അവലോകനത്തിന് ശേഷം അപേക്ഷ അംഗീകരിക്കുകയോ നിരസിക്കുകയോ അപൂർണ്ണമാണെന്ന് രേഖപ്പെടുത്തുകയോ ചെയ്യും. തുടർന്ന് അപേക്ഷ അംഗീകരിച്ച ഇത്രയും പേർ നേരിട്ടോ വെർച്വലായോ പൗരത്വ പ്രതിജ്ഞ എടുക്കണം.
കോവിഡിന് ശേഷം കാനഡയിലേക്ക് ജോലിക്ക് പോകാനും കുടിയേറാനും ശ്രമിക്കുന്നവർക്കും ആശ്വാസമാകുന്ന വിവിധ നടപടികളും ഇതോടൊപ്പം കനേഡിയൻ സർക്കാർ കൈക്കൊള്ളുന്നുണ്ട്. ഇതോടൊപ്പം വർഷാവസാനത്തോടെ 18 വയസ്സിൽ താഴെയുള്ളവർക്കും പൗരത്വത്തിന് ഓൺലൈനായി അപേക്ഷിക്കാൻ കഴിയുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.