കോഴിക്കോട്: ഭക്ഷണപ്രിയരുടെ ഖൽബിൽ വീണ്ടും തിളങ്ങി കാലിക്കറ്റ് പാരഗൺ ഹോട്ടൽ. ക്രൊയേഷ്യ ആസ്ഥാനമായുള്ള ട്രാവൽ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട മികച്ച രുചിയിടങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് പാരഗൺ ഹോട്ടൽ.
ലോകത്തിലെ ഏറ്റവും മികച്ച 100 ലെജൻഡറി റെസ്റ്റോറൻറുകളുടെ പട്ടികയാണ് ടേസ്റ്റ് അറ്റ്ലസ് പ്രസിദ്ധീകരിച്ചത്. ഇതിൽ അഞ്ചാം സ്ഥാനമാണ് പാരഗൺ രുചിയുടെ പെരുമ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള അഞ്ച് ഹോട്ടലുകൾ ആദ്യ അൻപതിൽ ഇടം നേടിയിട്ടുണ്ട്. പട്ടികയിൽ അഞ്ചാം സ്ഥാനത്തും ഇന്ത്യയിൽ ഒന്നാമതുമായാണ് ടേസ്റ്റ് അറ്റ്ലസ് പാരഗണിനെ തെരഞ്ഞെടുത്തത്.
ലോകത്തിലെ ഏറ്റവും മികച്ച റെസ്റ്റോറൻറുകളുടെ പട്ടികയിൽ ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ റെസ്റ്റോറന്റുകളാണ് ഇടം നേടിയത്. ഭക്ഷണത്തിൻറെ നിലവാരത്തിനൊപ്പം അതിൻ്റെ തനിമ, പാരമ്പര്യം, അന്തരീക്ഷം എന്നിവ കൂടി പരിഗണിച്ചാണ് റെസ്റ്റോറൻറുകളുടെ പട്ടിക തരംതിരിച്ചതെന്ന് ടേസ്റ്റ് അറ്റ്ലസ് പറയുന്നു.
കോഴിക്കോട് ബിരിയാണിയെ ആഗോളപ്രശസ്തിയിലേക്ക് എത്തിച്ചത് പാരഗൺ ഹോട്ടലാണെന്നും പരമ്പരാഗത മലബാർ പാചകരീതിയുടെ വൈദഗ്ധ്യത്തിൻ്റെ ഉദാഹരണമാണ് പാരഗണിലെ ബിരിയാണിയെന്നും ടേസ്റ്റ് അറ്റ്ലസ് വിലയിരുത്തുന്നു. 1939 ൽ സ്ഥാപിതമായ പാരഗണിലെ ബിരിയാണിയാണ് പരമ്പരാഗത മലബാർ പാചകരീതിയുടെ മികച്ച മാതൃകയാണെന്നും ടേസ്റ്റ് അറ്റ്ലസ് പ്രശംസിക്കുന്നു.