കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനത്തിനായി ഭൂമിയേറ്റെടുക്കാനുള്ള നീക്കം വേഗത്തിലാവും. വീട് നഷ്ടപ്പെടുന്നവർക്ക് പത്ത് ലക്ഷം രൂപ അധികമായി നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വീട് നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരതുക വർധിപ്പിക്കുക വഴി ഭൂമിയേറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കാനാവും എന്ന പ്രതീക്ഷയിലാണ് അധികൃതർ.
64 വീടുകളും ഒരു അങ്കണവാടി കെട്ടിടവും റൺവേ വികസനത്തിനായി ഏറ്റെടുക്കേണ്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്നുണ്ട്. ഈ വീടുകൾക്ക് പൊതുമരാമത്ത് നിശ്ചയിച്ച തുകയ്ക്ക് പുറമേയാണ് പത്ത് ലക്ഷം രൂപ കൂടി ഇപ്പോൾ അധികമായി അനുവദിക്കുന്നത്. നേരത്തെ 4.60 ലക്ഷം രൂപ
വീടുകൾക്ക് അധികം നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഏറ്റെടുക്കേണ്ട സ്ഥലത്തെ ഭൂവുടമകൾ ഇതിനെതിരെ സമരപരിപാടികളുമായി രംഗത്ത് എത്തിയതോടെ സർക്കാർ തീരുമാനം പുനപരിശോധിക്കുകയായിരുന്നു. നിലവിൽ വീടുകൾക്ക് സ്ക്വയർ ഫീറ്റിന് മൂവായിരം രൂപയും ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് സെൻ്റിന് രണ്ടര ലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പുറമേയാണ് വീട് നഷ്ടപ്പെടുന്നവർക്ക് പത്ത് ലക്ഷം രൂപ അധികമായി അനുവദിക്കുന്നത്.
എയർഇന്ത്യ വിമാനാപകടത്തിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിലെ റെസയുടെ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം വർധിപ്പിക്കണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റൺവേ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിനെതിരെ നാട്ടുകാർ എതിർപ്പ് ഉയർത്തിയതോടെ സ്ഥലമേറ്റെടുപ്പ് അനിശ്ചിതത്വത്തിലായി. റിസയുടെ നീളം കൂട്ടിയില്ലെങ്കിൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ പ്രവാസികളിൽ നിന്നും വലിയ എതിർപ്പുയർന്നു. ഇതോടെ വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി സ്ഥലമേറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കാൻ വി.അബ്ദുറഹ്മാനെ ചുമതലപ്പെടുത്തി.