ബ്രിട്ടനിലെ മലയാളി നഴ്സ് അഞ്ജുവിനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് ബ്രിട്ടീഷ് പൊലീസ്. ഭര്‍ത്താവ് സാജു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. അഞ്ജുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴും കൊലപാതക സാധ്യതയാണ് പൊലീസ് കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അഞ്ജുവിന്റെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നതായി വ്യക്തമായി. കസ്റ്റഡിയിലുളള ഭർത്താവ് സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് ബ്രിട്ടീഷ് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട മക്കളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടും കൂടി ലഭിച്ചശേഷമേ തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കുകയുള്ളു.
വൈക്കം മറവന്‍തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിയാണ് അഞ്ജു. അഞ്ജുവും മക്കളായ ആറു വയസുകാരന് മകന് ജീവ,നാലു വയസുകാരി മകള്‍ ജാന്‍വി എന്നിവരും ബ്രിട്ടണില്‍ വെച്ച് കൊല്ലപ്പെടുകയായിരുന്നു. ഇംഗ്ലണ്ടിലെ കെറ്ററിംങ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോഴാണ് അഞ്ജു രക്തം വാര്‍ന്ന് മരിച്ചു കിടക്കുന്നതായി കണ്ടത്. കുഞ്ഞുങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.