വനിതാ ഗുസ്തി താരങ്ങൾ തനിക്കെതിരെ ഉയർത്തിയ ലൈംഗികാരോപണങ്ങൾ തള്ളി ബിജെപി എംപി യും ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിംഗ്.എന്നാൽ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ രാജി വയ്ക്കുന്നത് ആരോപണങ്ങൾ ശരി വയ്ക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതി നിർദ്ദേശ പ്രകാരം പോക്സോ നിയമം ചുമത്തി ഡൽഹി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെയായിരുന്നു ബ്രിജ് ഭൂഷണിന്റെ പ്രതികരണം.
“ഈ വിഷയത്തിൽ ഞാൻ നിരപരാധിയാണ്. അന്വേഷണത്തെ നേരിടാനും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാനും തയ്യാറാണ്. എനിക്ക് ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്. ഇപ്പോൾ രാജി വയ്ക്കില്ല,അങ്ങനെ ചെയ്താൽ എനിക്കെതിരെയുള്ള ആരോപണങ്ങൾ ശരി വയ്ക്കുന്നതിന്
തുല്യമായിരിക്കും. പ്രതിഷേധത്തിന് ഇറങ്ങിത്തിരിക്കും മുൻപ് അന്വേഷണ സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കാമായിരുന്നു. എഫ് ഐ ആർ കോപ്പി കയ്യിൽ കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാം”- ബ്രിജ് ഭൂഷൺ പറഞ്ഞു.
അതെ സമയം മുൻനിര ഗുസ്തിതാരങ്ങളടക്കം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മേൽനോട്ട സമിതിയുടെ റിപ്പോർട്ട് പുറത്ത് വിടാൻ കേന്ദ്ര സർക്കാരോ ഗുസ്തി ഫെഡറേഷനോ തയ്യാറായിരുന്നില്ല, ഈ പശ്ചാത്തലത്തിലായിരുന്നു താരങ്ങൾ സമരം പുനരാരംഭിച്ചത്