ഖത്തർ ലോകകപ്പിലെ പ്രിക്വാര്‍ട്ടര്‍ മത്സരത്തില്‍ ദക്ഷിണ കൊറിയയെ തകർത്തു ബ്രസീല്‍ ക്വാർട്ടറിൽ. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കാനറിപക്ഷികൾ കൊറിയയെ നിലംപരിശാക്കിയത്. ആദ്യ പകുതിയില്‍ തന്നെ ബ്രസീല്‍ നാല് ഗോളുകൾ നേടിയിരുന്നു. വിനിഷ്യസ് ജൂനിയര്‍, നെയ്മര്‍, റിച്ചാര്‍ളിസന്‍, ലൂകാസ് പക്വിറ്റെ എന്നിവരാണ് സ്കോറര്‍മാര്‍. കളിയുടെ ഏഴാം മിനുട്ടിലാണ് ബ്രസീല്‍ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. സുന്ദരമായ ഷോട്ടിലൂടെ വിനിഷ്യസ് ജൂനിയര്‍ ആയിരുന്നു ഗോള്‍ നേടിയത്. 13ാം മിനുട്ടില്‍ പെനല്‍റ്റിയിലൂടെയാണ് നെയ്മര്‍ കൊറിയന്‍ വല കുലുക്കിയത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊറിയയ്ക്ക് ഒരു ഗോള്‍ തിരിച്ചടിക്കാനുള്ള സുവര്‍ണാവസരം ലഭിച്ചു. സൂപ്പര്‍താരം സണ്‍ ഹ്യുങ് മിന് പന്തുമായി മുന്നേറി ഷോട്ടുതിര്‍ത്തെങ്കിലും അലിസണ് വിരല്ത്തുമ്പിനാല് അത് രക്ഷപ്പെടുത്തിയെടുത്തു. 55ാം മിനിറ്റില്‍ അതിമനോഹരമായ ഡ്രിബിളിങ്ങുമായി മുന്നേറിയ റാഫീന്യ ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ കിം തടഞ്ഞു. 76ാം മിനിറ്റില്‍ പകരക്കാരനായി വന്ന പൈക് സിയുങ് ഹോയുടെ ഷോട്ട് ബ്രസീല്‍ ഗോള്‍വല തുളച്ചു. ബോക്സിന് പുറത്തുവെച്ച് പൈക് തൊടുത്ത ഉഗ്രന്‍ ഷോട്ട് അലിസണ് തടയാനായില്ല. ഈ ലോകകപ്പില്‍ അലിസണ് വഴങ്ങുന്ന ആദ്യ ഗോള്‍ കൂടിയാണിത്.