ഭൂകമ്പം അനാഥനാക്കിയ സിറിയൻ ബാലന് സ്വപ്ന സാഫല്യം. ദുഃഖം മറക്കാൻ ഇഷ്ട ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണണമെന്നാണ് സിറിയൻ ബാലൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഈ വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ സൗദി അധികൃതർ കുട്ടിയുടെ ആഗ്രഹസാഫല്യത്തിന് വഴിയൊരുക്കി. തെക്കൻ തുർക്കിയയിലും വടക്കൻ സിറിയയിലുമായുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ പിതാവിനെ നഷ്ടപ്പെട്ട റബീഅ് ശാഹീൻ എന്ന സിറിയൻ ബാലനാണ് സൗദിയിലെത്തി ഇഷ്ട ഫുട്ബോൾ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിട്ട് കണ്ടത്.
പിതാവ് നഷ്ടപ്പെട്ട ദുഃഖത്തിൽ കഴിയുന്നതിനിടെ റൊണാൾഡോയെ കാണാനുള്ള അതിയായ ആഗ്രഹം ഒരു മാധ്യമ പ്രവർത്തകനോടാണ് റബീഅ് പങ്കുവച്ചത്. ആ ആഗ്രഹം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട സൗദി പൊതുവിനോദ അതോറിറ്റി ചെയർമാൻ അമീർ തുർക്കി ആലുശൈഖാണ് സിറിയൻ ബാലനെ അൽനസ്ർ ക്ലബിലെത്തിച്ച് ഇഷ്ട താരത്തെ നേരിൽ കാണാൻ അവസരമൊരുക്കുകയായിരുന്നു.
മാതാവിനൊപ്പമാണ് റബീഅ് സൗദിയിലെത്തിയത്. സൗദി പ്രീമിയർ ലീഗിലെ അൽനസ്റും അൽബാത്വിനും തമ്മിലുള്ള മത്സരത്തിന് മുമ്പാണ് റബീഅ് റൊണാൾഡോയെ നേരിൽ കണ്ടത്. അൽനസ്ർ ക്ലബിൽ വെച്ച് റബീഅ്നെ റൊണാൾഡോ സ്വീകരിച്ചു. അതേസമയം പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടെയാണ് അൽനസ്ർ ക്ലബിലെത്തിയതെന്ന് റബീഅ് പറഞ്ഞു. പ്രിയതാരം റൊണാൾഡോയെ കണ്ട നിമിഷം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. സ്വപ്നം സാക്ഷാത്കരിച്ചിക്കുന്നുവെന്ന് റൊണാൾഡോയെ കണ്ട ശേഷം റബീഅ് പറഞ്ഞു.