മംഗളൂരു: ബെംഗളൂരു-കണ്ണൂർ ട്രെയിൻ കൊച്ചി വരെ നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം അനുവദിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി കർണാടക അധ്യക്ഷനും ദക്ഷിണ കന്നഡ എംപിയുമായ നളിൻ കുമാർ കട്ടീൽ മംഗളൂരുവിൽ പറഞ്ഞു. വെള്ളിയാഴ്ച ഡൽഹിയിൽ റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച ഉറപ്പ് ലഭിച്ചെന്ന് എംപി അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ദക്ഷിണ റെയിൽവേയുടെ ഭാഗമായ പാലക്കാട് ഡിവിഷന് പകരം സൗത്ത് വെസ്റ്റ് റെയിൽവേയുടെ (എസ്ഡബ്ല്യുആർ) മൈസൂരു ഡിവിഷനിൽ മംഗളൂരുവിനെ കൂട്ടിച്ചേർക്കണമെന്നും മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും എംപി പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ മംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചതായും നളിൻ കുമാർ കട്ടീൽ പറഞ്ഞു. സുബ്രഹ്മണ്യ റോഡ് സ്റ്റേഷനിൽ നിന്ന് മംഗളൂരുവിലേക്ക് അതിരാവിലെ ട്രെയിനും മംഗളൂരുവിൽ നിന്ന് സുബ്രഹ്മണ്യ റോഡിലേക്ക് വൈകുന്നേരത്തെ ട്രെയിനും ഓടിക്കാനുള്ള നിർദേശവും അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു.