മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ വീണ്ടും ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറുന്ന ബിപോര്‍ജോയ് യുടെ സഞ്ചാരപാതയില്‍ കേരളം ഇല്ലെങ്കിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ടയിലും ആലപ്പുഴയിലും ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
കേരള തീരത്തെ തുറമുഖങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കേരളത്തില്‍ ഇതുവരെ കാലവര്‍ഷം എത്തിയിട്ടില്ല. ജൂണ്‍ നാലിന് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇനിയും വൈകുമെന്നാണ് സൂചനകള്‍.