മറയൂരില്‍ സിനിമ ഷൂട്ടിംഗിനിടെ പരിക്കേറ്റ് ശസ്ത്രിക്രിയയ്ക്ക് വിധേയനായ പൃഥ്വിരാജിന് രണ്ട് മാസം വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് താരത്തിന് പരിക്കേറ്റത്.
എന്നാല്‍ രണ്ട് മാസം വിശ്രമം പറഞ്ഞതോടെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസാകാന്‍ വൈകുമെന്നാണ് സൂചന. അയ്യപ്പനും കോശിയും സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ചിത്രീകരണം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് താരത്തിന് പരിക്കേറ്റത്.
ഇനി ഉള്ള സീനുകളിലെല്ലാം പൃഥ്വിരാജ് ഭാഗമായതുകൊണ്ട് പൃഥ്വിരാജ് എത്തി കഴിഞ്ഞതിന് ശേഷമേ ചിത്രീകരണം പുനരാരംഭിക്കുകയുള്ളു എന്ന് ജയന് നമ്പ്യാര്‍ പറഞ്ഞു.
വിലായത്ത് ബുദ്ധ, ഗുരുവായൂര്‍ അമ്പല നടയില്‍, പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന് എന്നീ ചിത്രങ്ങള്‍ വൈകിയേക്കുമെന്നാണ് സൂചന. അതേസമയം പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടു ജീവിതം പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കിലാണ്.
തെലുഗു സിനിമ സലാറില്‍ പൃഥ്വിരാജിന്റെ ഭാഗങ്ങളുടെ ഷൂട്ട് കഴിഞ്ഞതിനാല്‍ വിശ്രമത്തിലിരിക്കുന്നത് ചിത്രത്തെ ബാധിക്കില്ല. ഹിന്ദി ചിത്രം ബഡേ മിയാന്‍ ഛോട്ടേ മിയാനും ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.
കാലിന്റെ ലിഗമെന്റിന് പരിക്കേറ്റ താരത്തെ കഴിഞ്ഞ ദിവസം രാവിലെയാണ് കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ബസില്‍ നിന്ന് ഇറങ്ങുമ്പോഴാണ് താരത്തിന് പരിക്കേറ്റത്.