കൊൽക്കത്ത: ഭാര്യയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് നൽകി കൊൽക്കത്ത സ്വദേശിയായ വ്യവസായി. വിവാഹം കഴിഞ്ഞ് 14 വർഷത്തിന് ശേഷമാണ് തൻ്റെ ഭാര്യ ബംഗ്ലാദേശ് പൗരയാണെന്ന് ഇയാൾ തിരിച്ചറിഞ്ഞത്. ഇന്ത്യൻ പൗരത്വം നേടിയെടുക്കാൻ ഭാര്യ തന്നെ കരുവാക്കുകയായിരുന്നുവെന്നാണ് ഇയാൾ ആരോപിക്കുന്നത്.
ബംഗാളിലെ അസൻസോൾ നിവാസിയായ തബിഷ് എഹ്സാൻ എന്ന 37-കാരനാണ് ഭാര്യയ്ക്ക് എതിരെ പരാതിയുമായി രംഗത്ത് എത്തിയത്. 2009-ൽ നാസിയ അംബ്രീൻ ഖുറൈഷി എന്ന സ്ത്രീയെ ഇയാൾ വിവാഹം കഴിച്ചത്. “ഒരു വിവാഹ ചടങ്ങിൽ വെച്ചാണ് ഞങ്ങൾ തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത്. ഞങ്ങളുടെ ബന്ധുക്കൾ സമ്മതിച്ചതിന് ശേഷമാണ് വിവാഹിതരായത്. ബന്ധുക്കൾ കൂടിയാലോചിച്ച് നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. ഉത്തർപ്രദേശ് സ്വദേശിയാണെന്ന് നാസിയ അന്ന് പരിചയപ്പെടുത്തിയതെന്നും രണ്ട് കുടുംബങ്ങളുടേയും പിന്തുണയോടെ ആണ് തങ്ങളുടെ വിവാഹം നടന്നതെന്നും ഇയാൾ പറയുന്നു. 2022 വരെ വളരെ നല്ല രീതിയിലാണ് ദമ്പതികൾ ജീവിച്ചത് – തബിഷ് എഹ്സാൻ ഇന്ത്യ ടുഡേയോട് പറയുന്നു.
രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനത്തോടെയാണ് ഇവരുടെ വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടായത്. പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയ ഭാര്യ പിന്നീട് തിരിച്ചു വന്നില്ലെന്ന് തബിഷ് എഹ്സാൻ പറയുന്നു. തുടർന്ന് നാസിയയുടെ അനന്തരവൻമാർ അവർക്ക് ഈ വിവാഹജീവിതത്തിൽ താത്പര്യമില്ലെന്നും ഇനി തിരിച്ചു വരില്ലെന്നും തബിഷിനെ അറിയിച്ചു. ഇതിനെ തബിഷ് എതിർത്തതോടെ ഇയാൾക്ക് നാസിയ അംബ്രീൻ്റെ കുടുംബത്തിൽ നിന്നും വധഭീഷണി നേരിടേണ്ടി വന്നു. പിന്നാലെ ഇയാൾക്കെതിരെ സ്ത്രീധനപീഡനത്തിന് ഭാര്യവീട്ടുകാർ പരാതി നൽകി. ഈ കേസിൽ ഇയാൾ അലിപ്പൂർ കോടതിയിൽ നിന്നും ജാമ്യം നേടി.
ഈ ഘട്ടത്തിലാണ് നാസിയ ബംഗ്ലാദേശി പൗരയാണെന്ന വിവരം ഇവരുടെ ഒരു ബന്ധുവിൽ നിന്നും താനെറിഞ്ഞത് എന്നാണ് ഇയാൾ പറയുന്നു. ഇന്ത്യൻ പൗരത്വം ലഭിക്കാൻ വേണ്ടിയാണ് അവർ എന്നെ വിവാഹം ചെയ്തത്. ഇതേ കാര്യം നേരത്തെ ബംഗ്ലാദേശിൽ വച്ചും അവർ ചെയ്തിരുന്നു. ബംഗ്ലാദേശിലെ ഒരു സ്കൂൾ ടീച്ചറെ വിവാഹം ചെയ്ത ഈ സ്ത്രീ പിന്നീട് അയാളെ ഭീഷണിപ്പെടുത്തി വിവാഹമോചനം നേടിയിരുന്നു. ഇതിനു ശേഷമാണ് ഇവർ ഇന്ത്യയിലേക്ക് മാറിയത്. വിസയൊന്നുമില്ലാത്ത അനധികൃത കുടിയേറ്റമായിരുന്നു ഇത്. ഈ വിവാഹം പോലും അവരുടെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. * തബീഷ് എഹ്സാൻ പറയുന്നു.
“2007 നും 2009 നും ഇടയിൽ നാസിയ പഠനത്തിനായി കാനഡയിലേക്ക് പോയതായി ഞാൻ മനസ്സിലാക്കി. 2020 ൽ ആദ്യമായി അവൾക്ക് ഒരു ഇന്ത്യൻ പാസ്പോർട്ടിന് അംഗീകാരം ലഭിച്ചു. പാസ്പോർട്ടില്ലാതെ അവൾ എങ്ങനെ കാനഡയിലേക്ക് പോയി? കാനഡ എങ്ങനെയാണ് അവൾക്ക് വിസ അംഗീകരിച്ചത്? ” താബിഷ് ചോദിക്കുന്നു.
വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഇന്റലിജൻസ് ബ്യൂറോ, വിയാജൻസി കമ്മീഷൻ, കൊൽക്കത്തയിലെ റീജിയണൽ പാസ്പോർട്ട് ഓഫീസ്, പശ്ചിമ ബംഗാൾ സംസ്ഥാന സർക്കാർ എന്നിവയുൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളിലേക്ക് തബിഷ് തൻ്റെ അനുഭവം ചൂണ്ടിക്കാട്ടി ഒന്നിലധികം കത്തുകൾ അയച്ചിട്ടുണ്ട്.
വിവരാവകാശ നിയമപ്രകാരം തങ്ങൾക്ക് ലഭിച്ച രേഖകളിൽ നിന്നും വ്യക്തമാവുന്നത് നാസിയ അംബ്രീൻ ഖുറൈഷിയുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളടക്കം എല്ലാ രേഖകളും വ്യാജമാണെന്നാണ് – തബീഷിന്റെ അഭിഭാഷകൻ ഷയാൻ സച്ചിൻ ബസു ഇന്ത്യ ടുഡേയോട് പറഞ്ഞു. തങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നാസിയയുടെ പാസ്പോർട്ട് റദ്ദാക്കിയെന്നും അദ്ദേഹം പറയുന്നു. ആരോപണങ്ങളോട് പ്രതികരിക്കാനായി നാബിയയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരുടെ ഫോൺ നമ്പർ സ്വിച്ച് ഓഫായിരുന്നുവെന്നും ഇന്ത്യ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നു.