ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഗസയില്‍ ഭക്ഷണവും വെള്ളവും വൈദ്യുതിയുമടക്കം അവശ്യ സേവനങ്ങള്‍ എത്തിക്കുന്നത് തടയുന്നത് ഇസ്രയേലിന് തിരിച്ചടിയാകുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങല്‍ നല്കുന്നതില് നിന്നും പിന്തിരിയുന്നത് അന്താരാഷ്ട്ര സമൂഹത്തില്‍ ഇസ്രയേലിനുള്ള പിന്തുണ നഷ്ടപ്പെടുത്തും. വിഷയം ഇസ്രയേലിന്റെ ശത്രുക്കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും പ്രദേശത്ത് സമാധാനം പുലര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഇത്തരം നടപടികള്‍ തിരിച്ചടിയാകുമെന്നും ഒബാമ പറഞ്ഞു.
‘വെള്ളം, ഭക്ഷണം, വൈദ്യുതി എന്നിവ തടയാനുള്ള ഇസ്രയേലിന്റെ തീരുമാനം മാനുഷികമായ ദുരന്തം വര്‍ധിപ്പിക്കുക മാത്രമല്ല, ഇത് പലസ്തീന് ജനതയെ തലമുറകളോളം ബുദ്ധിമുട്ടിക്കും. ഇത് ഇസ്രയേലിന് ലഭിക്കുന്ന അന്താരാഷ്ട്ര പിന്തുണ കുറയ്ക്കുകയും ശത്രുക്കള്‍ക്ക് ഉപയോഗിക്കാനുള്ള ആയുധമാകുകയും ചെയ്യും,’ ഒബാമ പ്രസ്താവനയില്‍ പറഞ്ഞു.
യുദ്ധം എല്ലാകാലത്തും ദുരന്തം വിതയ്ക്കുന്ന ഒന്നാണ്. എത്ര ആസൂത്രണത്തോടെ നടപ്പാക്കുന്ന മിലിറ്ററി ഓപ്പറേഷന് ആയാല്‍ പോലും അത് സാധാരണക്കാരെ മുള്‍മുനയില്‍ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
2001 സെപ്തംബറിലെ ആക്രമണങ്ങള്‍ക്ക് ശേഷം യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുഎസ് പാലിച്ചിരുന്ന ഉയര്‍ന്ന മൂല്യങ്ങള്‍ നഷ്ടപ്പെട്ടുവെന്നും ഒബാമ പറഞ്ഞു. അതേസമയം ഹമാസിന്റെ ആക്രമണത്തെ അപലപിച്ച ഒബാമ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണക്കുകയും ചെയ്തു.