പുതുവർഷം ഗംഭീരമാക്കാനൊരുങ്ങി ബഹ്റൈൻ. ഗംഭീര കാഴ്ചകളും വിനോദങ്ങളുമൊരുക്കിയാണ് ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻസ് അതോറിറ്റി പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുന്നത്. അവന്യുസ് പാർക്ക്, മാറാസി ബീച്ച്, വാട്ടർ ഗാർഡൻ സിറ്റി, ഹാർബർ റോ എന്നിവിടങ്ങളിൽ നടത്തുന്ന കരിമരുന്ന് പ്രകടനമാണ് ആഘോഷങ്ങളിലെ പ്രധാന ആകർഷണം. അതേസമയം ബഹ്റൈന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പുതുവത്സരാഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ് അതോറിറ്റിയെന്ന് അധികൃതർ അറിയിച്ചു.
വിശാലമായ പാർക്കും ഷോപ്പിങ് മാളും അനുബന്ധ സൗകര്യങ്ങളുമെല്ലാം ഉൾകൊള്ളുന്നതാണ് അവന്യൂസ് പാർക്ക്. രാത്രി 10 മണി മുതൽ പുതുവത്സാരാഘോഷങ്ങൾക്ക് തുടക്കമാവും. കൂടാതെ ഡിജെ ലോറെൻസോയുടെ മാസ്മരിക പ്രകടനത്തിനൊപ്പം ത്രസിപ്പിക്കുന്ന ഡ്രോൺ ഷോയും മറ്റു തത്സമയ വിനോദ പരിപാടികളും ഉണ്ടാകും. കൃത്യം 12 മണിക്ക് ആകാശത്ത് വർണവിസ്മയം തീർക്കുന്ന കരിമരുന്നു പ്രകടനവും ആഘോഷത്തെ ശ്രദ്ധേയമാക്കും.
അതേയ് സംഗീത പരിപാടി, ഭക്ഷണ സ്റ്റാളുകൾ എന്നിവയും ആഘോഷത്തിന്റെ കൊഴുപ്പുകൂട്ടും. അൽദാന ആംഫി തിയറ്ററിൽ മാർട്ടിൻ ഗാരിക്സിന്റെ പുതുവത്സര സംഗീത പരിപാടിയും അരങ്ങേറും. കൂടാതെ വാട്ടർ ഗാർഡൻ സിറ്റിയിൽ കരിമരുന്ന് പ്രകടനത്തിന് പുറമേ വിവിധ കലാപരിപാടികളും ഭക്ഷണ സ്റ്റാളുകളും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.