ഭിന്നശേഷിക്കാരായ കുട്ടികളെ സർക്കാർ സ്കൂളുകളിൽ രജിസ്റ്റർ ചെയ്യിക്കുന്നതിന് പ്രത്യേക പദ്ധതിയുള്ളതായി ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ വ്യക്തമാക്കി. ഇത്തരം കുട്ടികളിൽ കൂടുതൽ സാമർഥ്യമുള്ളവരെ കണ്ടെത്തി സാധാരണ സ്കൂളുകളിൽ പഠിപ്പിക്കുന്നതിനാണ് ഈ പദ്ധതി.
വിവിധ തരത്തിലുള്ള കുട്ടികളെ വിലയിരുത്തുകയും അവരുടെ ബുദ്ധിപരമായ വികസനം അളക്കുകയും ചെയ്യുന്നതിന് പ്രത്യേകമായ ഒരു ടീമിനെ തയാറാക്കിയിട്ടുണ്ട്. അതേസമയം ഇതുവരെ സർക്കാർ സ്കൂളുകളിൽ രജിസ്റ്റർ ചെയ്യാത്ത കുട്ടികൾക്കാണ് ഈ പദ്ധതി പ്രയോജനപ്പെടുക. കൂടാതെ വെയിറ്റിങ് ലിസ്റ്റിലുളള കുട്ടികളെ ആദ്യം പരിശോധനക്ക് വിധേയമാക്കും. ശേഷമായിരിക്കും അവരുടെ കാറ്റഗറി തീരുമാനിക്കുക. ബഹ്റൈൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മാത്രമല്ല അവരുടെ രക്ഷിതാക്കൾക്കും ഇത് ഏറെ പ്രയോജനകരമാകുമെന്ന് മന്ത്രി വ്യക്തമാക്കി.