ബഹ്റൈനിൽ നടക്കാനിരിക്കുന്ന പാർലമെന്റ്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിന്റെ കരട് വോട്ടർപട്ടിക പരിശോധിച്ച് തിരുത്തലുകൾ വരുത്തേണ്ട അവസാന ദിവസം ഇന്ന്. പട്ടിക പരിശോധിച്ച് തങ്ങളുടെ പേരുകൾ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് ഇലക്ഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി വോട്ടർമാർക്ക് നിർദ്ദേശം നൽകി. നവംബർ 12 നാണ് തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പ് സംബന്ധിച്ച അവബോധം ജനങ്ങളിലേക്കെത്തിക്കുന്നതിനായി രാജ്യത്ത് വ്യാപകമായ പ്രചാരണങ്ങളാണ് നടക്കുന്നത്. വലിയ കെട്ടിടങ്ങളിൽ ചുവപ്പ് നിറത്തിലുള്ള ദീപങ്ങൾ തെളിയിച്ചുകൊണ്ട് തെരഞ്ഞെടുപ്പിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിച്ചു. അത് കൂടാതെ ” ഞങ്ങൾ ബഹ്റൈനുവേണ്ടി വോട്ട് ചെയ്യുന്നു ” എന്ന മുദ്രാവാക്യം പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്. പൊതു നിരത്തുകളിലും ഇതു സംബന്ധിച്ച ബാനറുകൾ കാണാം. വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ഇതിന് പിന്നിലുള്ള ലക്ഷ്യം.
ബഹ്റൈനിൽ സ്വന്തം പേരിൽ സ്വത്തുക്കളുള്ള പ്രവാസികൾക്ക് വോട്ട് ചെയ്യാൻ അനുവാദം നൽകുന്നുണ്ട്. അതേസമയം ബഹ്റൈനിലെ നാലു ശതമാനം പ്രവാസികൾക്ക് മാത്രമേ സ്വത്തവകാശമുള്ളൂ. എല്ലാവർക്കും പ്രാതിനിധ്യം ലഭിക്കുന്നതിന് വേണ്ടിയാണിതെന്ന് മുനിസിപ്പൽ കൗൺസിൽ വ്യക്തമാക്കി. അർഹതയുള്ള പ്രവാസികൾ വോട്ടു ചെയ്യാൻ സന്നദ്ധത കാണിക്കണമെന്ന് അധികൃതർ ആവശ്യപ്പെടുകയും ചെയ്തു.