ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാദിന ചടങ്ങുകളിലേക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ക്ഷണം. വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് യെച്ചൂരിക്ക് ചടങ്ങിലേക്ക് ക്ഷണം കിട്ടിയ കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അയോധ്യ രാമക്ഷേത്ര നിർമ്മാണ കമ്മിറ്റിയുടെ ചെയർമാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻ ഓഫീസ് സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്രയാണ് സിപിഎം ജനറൽ സെക്രട്ടറിയെ പ്രതിഷ്ഠാ ദിന ചടങ്ങുകളിലേക്ക് ക്ഷണിച്ചത്. ജനുവരി 22-ന് നടക്കുന്ന പ്രതിഷ്ഠാ ദിന ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി.
കോണ്ഗ്രസ് നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെ, സോണിയാ ഗാന്ധി മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിവർക്കെല്ലാം പ്രതിഷ്ഠാ ദിന ചടങ്ങുകളിലേക്ക് നേരത്തെ ക്ഷണം കിട്ടിയിരുന്നു. കേരളത്തിൽ നിന്നും മാതാ അമൃതാനന്ദമയിക്കും നടൻ മോഹൻലാലിനും പ്രതിഷ്ഠാ ദിനചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ , രജനീകാന്ത്, അക്ഷയ് കുമാർ , മാധുരി ദീക്ഷിത്, രാജ്കുമാർ ഹിരാനി, സഞ്ജയ് ലിലാ ബൻസാലി എന്നി ബോളിവുഡ് താരങ്ങളും സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, മുകേഷ് അംബാനി, ഗൌതം അദാനി, രത്തൻ ടാറ്റാ തുടങ്ങിയവരും ക്ഷണം ലഭിച്ച പ്രമുഖരിൽ ഉൾപ്പെടുന്നു. ഏതാണ് അൻപതോളംവിദേശരാജ്യങ്ങളിലെ പ്രതിനിധികൾക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.യ