കേരളക്കരയാകെ ഒരുമിച്ച് ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. എന്നാൽ ഇന്ന് ഓണം കേരളീയരുടെ ആഗോള ഉത്സവമായി മാറിയിരിക്കുകയാണ്. ലോകത്തിന്റെ ഏതു ഭാഗത്തായാലും മലയാളികളുണ്ടോ അവിടെ ഇന്ന് ഓണവുമുണ്ട്.
ഐതീഹ്യങ്ങളിലെ ഓണം
കേരളം ഭരിച്ചിരുന്ന മഹാബലി എന്ന അസുര ചക്രവര്‍ത്തി ആണ്ടിലൊരിക്കല്‍ പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് ചിങ്ങമാസത്തിലെ തിരുവോണം എന്നാണ് ഐതീഹ്യം. ഇത് മാത്രമല്ല, കേരളം സൃഷ്ടിച്ച പരശുരാമന് കേരളം സന്ദര്‍ശിക്കുന്നതിന്റെ സ്മരണയായാണ് ഓണം ആഘോഷിക്കുന്നതെന്നും കരുതുന്നു. കൂടാതെ, തൃക്കാക്കര ക്ഷേത്രത്തിലെ 28 ദിവസത്തെ ഉത്സവത്തിന്റെ സമാപനമാണ് ഓണമായി മാറിയത് എന്നും വിശ്വാസമുണ്ട്. കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ രാജ്യമുപേക്ഷിച്ച് മെക്കയിലേക്ക് പോയതിനെ അനുസ്മരിച്ചാണ് ഓണാഘോഷം തുടങ്ങിയതെന്ന് പറയപ്പെടുന്നുണ്ട്. എന്തായാലും എല്ലാവരും ഒരുമയോടെ ജീവിക്കുന്ന ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഓണം. അതിനാൽ തന്നെ ലോകത്തെവിടെയായാലും ആഘോഷങ്ങളും കളികളും ഓണപ്പാട്ടുകളും കൊണ്ട് മലയാളികൾ ഓണത്തെ വരവേല്‍ക്കുന്നു.
മലയാളികളുടെ ഓണം
കേരളക്കരയിലെത്തുന്ന മാവേലിയുടെ കൂടെ പാക്കനാരും തേവിയമ്മയും വരുമെന്നാണ് ചൊല്ല്. അത്കൊണ്ട് മഹാബലി എത്തുമ്പോള്‍ പൂക്കളവും, പൂജയും, വിശിഷ്ടഭോജ്യവും ഒക്കെ വേണം. അതിന്റെ കൂടെ കുടുംബാംഗങ്ങളുടെ ഒത്തുചേരല്‍ കൂടിയാവുമ്പോൾ സമ്പൂർണ്ണം. എന്നാൽ ഓണാഘോഷം ഇക്കാലത്ത് കെങ്കേമമായി ആഘോഷിക്കുന്നത് മറുനാടൻ മലയാളികളാണെന്നതിൽ യാതൊരു സംശയവുമില്ല. അവിടെ നാടും നാട്ടുവിശേഷങ്ങൾക്ക് അപ്പുറം ഒരുമയോടെയുള്ള ഓണാഘോഷം തന്നെ.
ഓസ്ട്രേലിയൻ ഓണാഘോഷം
കേരളത്തിൽ നിന്ന് ഭൂമിയുടെ അങ്ങേ തലക്കലുള്ള ഓസ്ട്രേലിയയിൽ ഓണത്തിന് രണ്ട് മാസം മുൻപ് തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. വിവിധ മലയാളി അസോസിയേഷന്റെയും ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ ആഘോഷങ്ങൾ പൊടിപൊടിക്കും. പൂക്കളമിട്ടും, ഊഞ്ഞാലാടിയും, തിരുവാതിര കളിച്ചും ഓണത്തിനുള്ള സദ്യവട്ടങ്ങള്‍ ഒരുക്കിയും മറുനാടൻ മലയാളികളും തങ്ങളുടെ മഹാബലി തമ്പുരാനായി കൊണ്ടാടി ഓണനിലാവ് പരത്തു.
പണ്ട് ദശപുഷ്പങ്ങൾ ഉപയോഗിച്ച് പൂക്കളമിട്ടിരുന്നത് ഇന്ന് ഓർമ്മയാണ്. ആ ഓർമ്മകളെ ഉണർത്തി അന്യനാട്ടിലാണെങ്കിലും പൂക്കളത്തിന് ഒരു കുറവും മലയാളികൾ വരുത്താറില്ല. ഡിസൈനുകളിൽ വൈവിധ്യം നിറച്ച് കൊണ്ട് ഓണക്കാലത്തിന് നിറങ്ങളേകാൻ പൂക്കള മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.
കുടുംബാഗംങ്ങളും പ്രിയപ്പെട്ടവരും അടുത്തില്ലെങ്കിലും ഇത്തരം ഒരുമിച്ച് കൂടലുകൾ ഒരാശ്വാസം തന്നെയാണ്, പ്രത്യേകിച്ച് ഓണക്കാലത്ത്. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് വിഭവസമൃദ്ധമായ ഓണസദ്യ നാട്ടിൽ ഉണ്ണുമ്പോൾ ഇവിടെ ഈ കൂട്ടായ്മകളാണ് ഓണസദ്യ വിളമ്പാറ്. ഓണത്തിന്റെ രുചിയൂറും ഓര്‍മ്മയാണ് അവിയലും തോരനും ഏത്തയ്ക്ക ഉപ്പേരിയും ശര്‍ക്കര വരട്ടിയും പപ്പടവും പായസവും കൂട്ടി വാഴയിലയില്‍ ഉണ്ണുന്ന ഓണസദ്യ. മലയാള മണ്ണ് വിട്ട് ദൂരെയാണെങ്കിലും ആ രുചി നാട് കടന്ന് എത്തിയ മലയാളികൾക്ക് സൗഹൃദത്തിന്റെ ചോറൂട്ടൽ കൂടിയാവുന്നത് ഇവിടെയാണ്. മാവേലി മന്നനും ഓണക്കളികളുമടക്കം ഇവിടെ ഒരുക്കുന്നു. കൂടാതെ സായം സന്ധ്യയെ മനോഹരമാക്കാൻ മലയാളികളുടെ പ്രിയ താരങ്ങളെ അണി നിരത്തി കൊണ്ടുള്ള പ്രോഗ്രാമുകളും സംഘടിപ്പിക്കാറുണ്ട്. മലയാളികളുടെ ദേശീയ ആഘോഷത്തെ ജാതി-മത ഭേദമന്യേ ഒരുമയുടെ നല്ലോണമാക്കുകയാണ് ഇവിടെ…