പലരും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണം കഴിച്ച ശേഷം ജീവനക്കാർക്ക് ടിപ്പ് നൽകാറുണ്ട്. 10 മുതല്‍ 100 രൂപ വരെയൊക്കെയായിരിക്കും പൊതുവേ ടിപ്പായി നൽകുക. എന്നാൽ ഓസ്ട്രേലിയയിലെ ഒരു ഹോട്ടൽ ജീവനക്കാരിക്ക് ഉപഭോക്താവ് നൽകിയ ടിപ്പ് ആണ് ഇപ്പോൾ വൈറൽ ആവുന്നത്.
മെൽബണിലെ സൗത്ത് യാറയിലുള്ള ഗിൽസൺ റെസ്റ്റോറെന്റിലെ ലോറൻ എന്ന ജീവനക്കാരിയ്ക്കാണ് ഈ അപൂർവ ടിപ്പ് ലഭിച്ചത്. ഏകദേശം നാല് ലക്ഷം ഇന്ത്യന്‍ രൂപയാണ് ലോറന് കിട്ടിയ ടിപ്പ്. ജീവിതത്തില്‍ ആദ്യമായാണ് ഒരു ദിവസം കൊണ്ട് ഇത്രയധികം പണം സമ്പാദിച്ചതെന്ന് ലോറൻ അത്ഭുതത്തോടെ പറയുന്നു. ഉപഭോക്താക്കളുടെ മേശയെ പരിചരിക്കുന്നതിനിടയിലാണ് ലോറന് ഈ അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. ഇത്രയും വലിയ തുക ലഭിക്കുമെന്ന് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി കൂടിയായ ലോറൻ കരുതിയിരുന്നില്ല.
27 കാരനായ കോടീശ്വരൻ എഡ് ക്രാവന്‍ ആണ് ലോറന് ഈ വന്‍ തുക ടിപ്പായി നല്‍കിയത്. 68.9 മില്യൺ പൗണ്ടിലധികം വിലമതിക്കുന്ന സ്വത്തുക്കളുടെ ഒരു പോർട്ട്ഫോളിയോ വരെയുള്ളയാളാണ് എഡ് എന്നാണ് സൂചന. ടിപ്പ് ലഭിച്ച ഉടന്‍ തന്നെ സഹപ്രവർത്തകരോട് ലോറന് സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. എല്ലാ വെയിറ്റർമാരും ടിപ്പുകള്‍ പങ്കുവയ്ക്കണമെന്നാണ് റെസ്റ്റോറെന്റ് നയം. എന്നാൽ ടിപ്പ് നല്‍കിയയാൾ നിര്‍ദ്ദേശിച്ചതു പോലെ ടിപ്പിന്റെ ഭൂരിഭാഗവും ലോറന് തന്നെ ലഭിച്ചു. 70 ശതമാനത്തോളം രൂപയാണ് ലോറന് ലഭിച്ചത്.