അട്ടപ്പാടി മധുവധക്കേസില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി. മണ്ണാര്‍ക്കാട് എസ്സിഎസ്ടി കോടതിയുടേതാണ് വിധി. ഹൈക്കോടതി നിർദേശിച്ച ജാമ്യ ഉപാധികൾ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി. ഇത് സാധൂകരിക്കുന്ന തെളിവുകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു. 16 പ്രതികളുള്ള കേസിൽ 12 പേരുടെ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന് വാദം. പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതലും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തിയത്. കൂടാതെ സാക്ഷികളെ 63 തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഇനി വിസ്തരിക്കാൻ പോകുന്ന ചില സാക്ഷികളെയും പ്രതികൾ നിരന്തരം വിളിച്ചതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിലെ 15 സാക്ഷികളെ വിസ്തരിച്ചതില്‍ 13 പേരും കൂറു മാറിയിരുന്നു.