കുമളി: ചിന്നക്കനാലിൽ നിന്നും പ്രത്യേക ദൌത്യസംഘം മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ അതിർത്തി കടന്ന് തമിഴ്നാട്ടിൽ വിളയാട്ടം തുടങ്ങി.
അതിർത്തി ഗ്രാമമായ മേഘമലയിലും പരിസരപ്രദേശങ്ങളിലുമാണ് അരിക്കൊമ്പൻ നിലവിൽ ചുറ്റിക്കറങ്ങുന്നത്. കേരളത്തെ വിറപ്പിച്ച അരിസിക്കൊമ്പൻ ഇടയ്ക്കിടെ ഗ്രാമത്തിൽ വരാനും വീടുകൾ തകർക്കാനും ബസ് തടയാനും ശ്രമിച്ചതോടെ മേഘമല ഗ്രാമത്തിലെ ജനങ്ങൾ ആകെ ഭീതിയിലാണ്. അരിപ്രേമിയായ കാട്ടാനയെ അരിസിക്കൊമ്പൻ എന്നാണ് മേഘമലക്കാർ വിളിക്കുന്നത്.
ആനയെ കേരളത്തിൻ്റെ വനമേഖലയിലേക്ക് തിരിച്ചു വിടാൻ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെങ്കിലും ഈ നീക്കം ഫലം കണ്ടിട്ടില്ല. മേഘമലയിൽ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന കൊമ്പൻ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തുന്നതിന് പിന്നാലെ ഉൾവനത്തിൽ മറയും. പിന്നെ അടുത്ത ദിവസം മറ്റേതെങ്കിലും ജനവാസമേഖലയിൽ പ്രത്യക്ഷപ്പെടും.
മേഘമലയിൽ തന്നെ ആന ചുറ്റിക്കറങ്ങുന്ന സാഹചര്യത്തിൽ ഇനി പെരിയാറിലേക്ക് മടങ്ങിയേക്കാൻ സാധ്യതയില്ലെന്നാണ് തമിഴ്നാട് വനപാലകരുടെ വിലയിരുത്തൽ. ഏറ്റവും ഒടുവിൽ ലഭിച്ച സിഗ്നൽ പ്രകാരം മേഘമലയ്ക്ക് അരികിലെ കൊടുംവനത്തിനുള്ളിലാണ് കൊമ്പൻ നിൽക്കുന്നത്. മുപ്പത് പേരടങ്ങുന്ന തമിഴ്നാട് വനംവകുപ്പ് സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. മേഘമലയ്ക്ക് താഴെ ചിന്നമന്നൂർ എന്ന മറ്റൊരു ഗ്രാമമുണ്ട്. മേഘമലയേക്കാൾ വലിയ ജനവാസമേഖലയാണ് ഇവിടം വലിയ തോതിൽ കൃഷിയും നടക്കുന്നുണ്ട്. മേഘമലയിൽ കറങ്ങുന്ന അരിക്കൊമ്പൻ ചുരമിറങ്ങി താഴേക്ക് ചെന്നാൽ വലിയ ക്രമസമാധാന പ്രശ്നം തന്നെ ഉണ്ടായേക്കാം എന്ന ആശങ്കയിലാണ് വനംവകുപ്പ്.
ചിന്നക്കനാലിന് സമാനമായ ഭൂപ്രകൃതിയും തണ്ണുത്ത കാലാവസ്ഥയുമാണ് മേഘമലയിൽ എന്നതിനാൽ അരിക്കൊമ്പൻ ഇവിടെ ഏതാണ്ട് സെറ്റായ മട്ടാണ്. പെരിയാർ കടുവ സങ്കേതത്തിൽ നിന്നും മുപ്പത് കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിച്ചാണ് അരിക്കൊമ്പൻ മേഘമല ഗ്രാമത്തിൽ എത്തിയത്.
മേഘമലയിലെത്തി ആദ്യത്തെ ആഴ്ച തൊഴിലാളികൾ താമസിക്കുന്ന ലൈൻമുറിയിലെത്തി ഒരു വീടിൻ്റെ അടുക്കള അരിക്കൊമ്പൻ തകർത്തു. അരിയുടെ മണം പിടിച്ചാവും അരിക്കൊമ്പൻ ലയത്തിലേക്ക് എത്തിയതെന്നാണ് കരുതുന്നത്. ഇന്നലെ മേഘമല ചുരത്തിലെത്തിയ അരിക്കൊമ്പൻ ഇതിലൂടെ പോയ ഒരു ബസ് തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.