മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി ഗവർണറുടെ തുറന്ന യുദ്ധം തുടരുകയാണ്. ഗവർണർമാരുടെ ചരിത്രത്തിൽ തന്നെ അസാധാരണമായ രീതിയിൽ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പുനഃര്നിയമനത്തില് മുഖ്യമന്ത്രി പിണറായി വിജയന് രാജ്ഭവനിൽ നേരിട്ടെത്തി ഇടപെട്ടെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഗവർണർക്ക് അയച്ച കത്തുകളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
കണ്ണൂർ മുഖ്യമന്ത്രിയുടെ ജില്ലയായതിനാല്‍ അഭിപ്രായത്തിന് വെയിറ്റേജ് നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നിയമനത്തിനായി ഒരു നടപടിക്രമത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. പിന്നീട് വിഷയത്തില്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് 2021 ഡിസംബര്‍ എട്ടിന് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചു. പിന്നീട് ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബര്‍ 16 ന് ലഭിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് ജനുവരി 16 ന് അവസാന കത്തും ലഭിച്ചെന്ന് ഗവര്‍ണര്‍ പറഞ്ഞു.
തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് ആക്രമണമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ഗവര്‍ണര്‍ പുറത്തുവിട്ടു. സര്‍ക്കാറും മാധ്യമങ്ങളും ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറെ തടഞ്ഞാല്‍ ഏഴ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷയെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്വമേധയാ കേസെടുക്കേണ്ടവർ അത് ചെയ്തില്ലെന്നും ഗവർണർ പറഞ്ഞു.
സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ഗവർണർ പുറത്തുവിട്ട രേഖകൾ മുഖ്യമന്ത്രി നൽകിയിട്ടുള്ള ഔദ്യോഗിക കത്തുകളാണ്. അത് വ്യക്തിപരമല്ലാത്തതിനാൽ തന്നെ തെളിവായി പരിഗണിക്കാൻ പറ്റുകയില്ലെന്നും സിപിഎം പ്രതികരിച്ചു. കൂടാതെ ബിജെപിയുടെ രാഷ്ട്രീയ തന്ത്രം നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സിപിഎം വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ നേരത്തെയും കടുത്ത വിമർശനം ഗവർണർ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഗവർണറുടെ പ്രതികരണം ആ സ്ഥാനത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരും സിപിഎമ്മും ഗവർണറുടെ പ്രതികരണത്തിൽ അതൃപ്തി പ്രകടമാക്കിയിരുന്നു. ഗവർണറുടെ നിലപപാട് സർക്കാരിനെയും നാടിന്റെ വികസനത്തെയും തകർക്കുന്നതാണെന്നും ഇതിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ കരങ്ങളാണെന്നും സിപിഎം പ്രതികരിച്ചിരുന്നു. പിന്നാലെ തുറന്ന പോര് തുടങ്ങുകയായിരുന്നു. കോൺഗ്രസ് ഗവർണർക്ക് പിന്തുണ നൽകുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.